കൊച്ചി : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് ചാലക്കുടിയിൽ മൂന്നാമങ്കം കുറിച്ചു. ഇന്നലെ ചാലക്കുടി, അങ്കമാലി, കാഞ്ഞൂർ എന്നിവിടങ്ങളിലെത്തിയ അദ്ദേഹത്തിന് പ്രവർത്തകർ സ്വീകരണം നൽകി.
ചാലക്കുടിയിൽ കലാഭവൻ മണിയുടെ ചിത്രത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചായിരുന്നു തുടക്കം. ബി.ജെ.പി നേതാക്കളായ കെ.എ സുരേഷ്, ഷാജുമോൻ വട്ടേക്കാട്, സർജു തൈക്കാവ്, സി.പി സെബാസ്റ്റ്യൻ, കെ.എം. സുബ്രഹ്മണ്യൻ, കെ.യു. ദിനേശൻ, സജി കുറുപ്പ്, ടി.വി പ്രജിത്, പി.എസ്. ശ്രീരാമൻ, ബി.ഡി.ജെ.എസ് നേതാക്കളായ കെ.എ ഉണ്ണികൃഷ്ണൻ, അനിൽ തോട്ടവീഥി, ലത ബാലൻ എന്നിവർ നേതൃത്വം നൽകി.
സമകാലിക രാഷ്ട്രീയത്തിൽ ജനമനസ് ബി.ജെ.പിക്കും എൻ.ഡി.എക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ പ്രതികരണമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
2009 ലും 2014 ലും എറണാകുളം ലോക്‌സഭാ മണ്ഡലത്തിലാണ് മത്സരിച്ചത്. 1996 ൽ തൃപ്പൂണിത്തുറ, 2016 ൽ മണലൂർ നിയമസഭാ മണ്ഡലങ്ങളിലും മത്സരിച്ചിട്ടുണ്ട്.
ചേരാനല്ലൂരിൽ ബി.ആർ. നാരായണപിള്ളയുടെയും പങ്കജാക്ഷിയുടെയും മകനാണ് രാധാകൃഷ്ണൻ. അടിയന്തരാവസ്ഥക്കെതിരെ ലോക് സംഘർഷ സമിതിയുടെയും ആർ എസ് എസിന്റെയും നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ സമരത്തിൽ 14 ാം വയസിൽ പങ്കെടുത്ത് പൊലീസ് മർദ്ദനത്തിന് ഇരയായി.
ബിരുദ പഠനത്തിന് ശേഷം ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി കണ്ണൂരിൽ പ്രവർത്തിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പത്തു ദിവസം അദ്ദേഹം നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.
ഐ ടി.എഫ്.സി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഡയറക്ടറുമാണ് രാധാകൃഷ്ണൻ. ഭാര്യ : അംബികാ രാധാകൃഷ്ണൻ. മകൾ : അഭിരാമി രാധാകൃഷ്ണൻ.