കാലടി: ശ്രീശങ്കര ദർശനവും തത്വവും സംസ്കൃത ഭാഷയും ലോകത്തിന് മുന്നിലെത്തിച്ചതിൽ സംസ്കൃത യൂണിവേഴ്സിറ്റി മുഖ്യപങ്ക് വഹിച്ചതായി ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഒരു വർഷം നീണ്ടുനിന്ന കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കൃത, ഇതര ഭാഷാഗവേഷണങ്ങളും വിവിധ കലകളുടെയും പഠനാനന്തര പഠനവും യുവതലമുറയ്ക്കും രാജ്യത്തിനും വലിയ മുതൽക്കൂട്ടായി മാറുമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. വൈസ്. ചാൻസലർ ഡോ.പി.കെ. ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു. അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രജതജൂബിലി സോവനീർ ഗവർണർ സിൻഡിക്കേറ്റംഗം കെ.കെ.വിശ്വനാഥന് നൽകി പ്രകാശിപ്പിച്ചു. ഡോ. മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോ. വൈസ്. ചാൻസലർ പ്രൊഫ.കെ.എസ്. രവികുമാർ സ്വാഗതവും പ്രൊഫ.എം.മണി മോഹൻ നന്ദിയുംപറഞ്ഞു.
സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ സേതു ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്മാരായ അശോകൻ ചെരുവിൽ, എസ്. ഹരിഷ്, കവയിത്രി മ്യൂസ് മേരി ജോർജ്, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.