കൊച്ചി : രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കണമെന്നത് ജനാധിപത്യ മതേതര വിശ്വാസികളുടെ എക്കാലത്തെയും ആഗ്രഹമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനുള്ള സന്ദേശമാണ് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വമെന്നും വി.എം. സുധീരൻ പറഞ്ഞു. ഉത്തരേന്ത്യൻ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ ഭയമുള്ളതുകൊണ്ടാണ് രാഹുൽഗാന്ധി കേരളത്തിലേക്ക് എത്തുന്നതെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാർത്ഥിയാണ് അദ്ദേഹം. അമേഠിയിൽ സ്മൃതി ഇറാനി വെല്ലുവിളിയല്ലെന്ന് നേരത്തെ തെളിയിച്ചതാണ്. മോദി ബറോഡയിലും വാരണാസിയിലും മത്സരിച്ചില്ലേ. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് വയനാട് സീറ്റിലേക്ക് മത്സരിക്കണമെന്ന് പറയുന്നത്. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.ഐ അവരുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യം പരിശോധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വി.എം. സുധീരൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.