road
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തൃക്കാക്കര : രാത്രികാലങ്ങളിൽ നഗരവീഥികൾ കൈയടക്കുന്ന ഫ്രീക്കൻമാരെ പിടികൂടാൻ മോട്ടോർവാഹനവകുപ്പ്- ഓപ്പറേഷൻ ഫ്രീക്കനുമായി രംഗത്ത്. രൂപമാറ്റം വരുത്തിയ 65 വാഹനങ്ങൾ കഴിഞ്ഞദിവസം വൈകിട്ട് 5 മുതൽ പുലരും വരെ നടത്തിയ പരിശോധനയിൽ പിടികൂടി. 10 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിച്ച ജീപ്പും ഈ കൂട്ടത്തിൽപ്പെടുന്നു. 2 ഷാഡോ സ്ക്വാഡ് ഉൾപ്പെടെ 7 ടീമുകൾ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ നിന്ന് രക്ഷപെടാൻ ഉൾവഴികളിൽ നിർത്തിയിട്ട വാഹനങ്ങളിൽ നോട്ടീസ് പതിച്ചു. ഈ വാഹനങ്ങളുടെ രേഖകൾ ഉൾപ്പെടെ അടുത്തദിവസം കാക്കനാട് ആർ ടി ഓഫീസിൽ ഹാജരാക്കിയില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് എൻഫോഴ്സ് മെന്റ് ആർ ടി ഒ - കെ. മനോജ്കുമാർ അറിയിച്ചു.

കൈകാണിച്ചിട്ടും നിർത്താതെ പോയ 3 വാഹനങ്ങളുടെ ഉടമകളുടെ വീട്ടിൽചെന്ന് കേസെടുത്തു. പരിശോധന കണ്ട് കാര്യം തിരക്കി എത്തിയ നാട്ടുകാർ റോഡിൽ അഭ്യാസം കാണിക്കുന്ന വാഹനങ്ങളുടെ ധാരാളം ഫോട്ടോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും, ഇവരെ വരും ദിവസങ്ങളിൽ പിടികൂടുമെന്നും അധികൃതർ അറിയിച്ചു. പരിശോധനക്ക് എം വി ഐമാരായ ദീപു എൻ.കെ , വൽസൻവി.കെ, അരുൺ സി.ഡി , കെ.ജി ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.