kuttam

കൊച്ചി: പ്രളയം വിഴുങ്ങിയ ആലുവ കുട്ടമശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇലക്ട്രോണിക്‌സ് വകുപ്പ് തയ്യാറാക്കിയ പുനർനിർമ്മാണ പദ്ധതി പ്രകാരം ആഗോള സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സിന്റെ (ഐ.ഇ.ഇ.ഇ) 24 ലക്ഷം രൂപയുടെ സഹായം ലഭിക്കും.

പ്രളയത്തിൽ നശിച്ച കമ്പ്യൂട്ടറുകൾ പുനഃസ്ഥാപിക്കാനും ഫിസിക്‌സ് ലാബുകളിലെ ഉപകരണങ്ങളും സ്മാർട്ട് ക്ലാസ് മുറികളും സജ്ജമാക്കാനും ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ, ഫർണിച്ചറുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ലഭ്യമാക്കാനും തുക വിനിയോഗിക്കും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള സാങ്കേതിക വിദ്യയിലൂന്നിയ അടിയന്തര സഹായം, വികസന പദ്ധതികൾ എന്നിവയ്ക്കാണ് ഐ.ഇ.ഇ.ഇ ധനസഹായം നൽകി വരുന്നത്.

ഐ.ഇ.ഇ.ഇയുടെ കൊച്ചി മേഖലാ സെക്രട്ടറിയും കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ബിജോയ് ആന്റണി ജോസാണ് പുനർനിർമ്മാണ നിർദ്ദേശം തയ്യാറാക്കി സമർപ്പിച്ചത്.