കൊച്ചി: എതിരാളിയെ പരിഹസിച്ചും സ്വന്തം സ്ഥാനാർത്ഥിയെ വാനോളം പുകഴ്ത്തിയും തിരഞ്ഞെടുപ്പ് കാലത്ത് സൈബർ ഇടങ്ങളും സജീവമായി. എന്നാൽ, അവയൊക്കെ പരിധി വിട്ട്, തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിലേക്ക് കടന്നാൽ പിടിവീഴും. സോഷ്യൽ മീഡിയയിലെ ഓരോ ചലനത്തിനും ഓരോ നിമിഷവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടമെത്തും. തമാശയ്ക്കും ട്രോളുകൾക്കുമപ്പുറം സൈബർ ലോകം തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുണ്ടോ എന്ന് അറിയാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) പ്രവർത്തനം 28 ന് തുടങ്ങും.
കമ്മിറ്റിയുടെ ഭാഗമായുള്ള മീഡിയ സെൽ തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമാവും പ്രവർത്തനം ആരംഭിക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങുന്ന ദിനം മുതൽ മോണിറ്ററിംഗ് കമ്മിറ്റിയും പ്രവർത്തിച്ചു തുടങ്ങും. സമൂഹ മാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെയും ഔദ്യോഗിക പേജുകൾ എന്തൊക്കെയാണെന്ന് നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ പേജിൽ വരുന്ന പരസ്യങ്ങളും ലേഖനങ്ങളും തയാറാക്കുന്നതിനുള്ള ചെലവുകളെല്ലാം തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും. എന്നാൽ, അനൗദ്യോഗിക പേജുകളിൽ വരുന്നവ കമ്മിറ്റി പരിശോധിക്കില്ല.
ഇതിനൊപ്പം മത സ്പർദ്ധ പരത്തുന്ന പരാമർശങ്ങൾ, വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ എന്നിവയും പരിശോധിക്കും. സംയുക്ത പ്രോജക്ടുകൾ (വിക്കിപീഡിയ), ബ്ലോഗുകൾ, മൈക്രോ ബ്ലോഗുകൾ (ട്വിറ്റർ), കണ്ടെന്റ് കമ്മ്യൂണിറ്റികൾ (യൂ ട്യൂബ്), സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് (ഫേസ് ബുക്ക്), വിർച്വൽ ഗെയിം വേൾഡ് (വാട്ട്‌സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷൻ) തുടങ്ങിയവ സോഷ്യൽ മീഡിയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് മീഡിയയിൽ തിരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിനുള്ള മുൻകൂർ അനുമതി നിബന്ധന സോഷ്യൽ മീഡിയയ്ക്കും നിർബന്ധമാണ്. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പരസ്യം നൽകുന്നതിന് ജില്ലാതലത്തിലുള്ള എം.സി.എം.സിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ മീഡിയ സെല്ലിൽ വിവരം അറിയിക്കാം.
കർശന നടപടി
സോഷ്യൽ മീഡിയയിൽ വരുന്ന വ്യക്തിപരവും മതസ്പർദ്ധ പരത്തുന്നതുമായ പോസ്റ്റുകളുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങളിൽ ലഭിക്കുന്ന പരാതികളും സെല്ലിന്റെ കണ്ടെത്തലുകളും പൊലീസ്, സൈബർ സെൽ തുടങ്ങിയവയുടെ സഹായത്തോടെ പുനരന്വേഷണം നടത്തി നടപടി സ്വീകരിക്കും.
ജീവൻ ബാബു.കെ, അഡീഷണൽ സി.ഇ.ഒ, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഇൻചാർജ്