കൊച്ചി : ശബരിമലയിലെ പൊലീസ് അതിക്രമത്തിലാണ് പന്തളം സ്വദേശിയായ ശിവദാസൻ കൊല്ലപ്പെട്ടതെന്നും ക്രൈംബ്രാഞ്ചോ ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘമോ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മകൻ ശരത് ഹൈക്കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ ഒക്ടോബർ 16 മുതൽ 21വരെ തുലാമാസാ പൂജയ്ക്ക് നട തുറന്നപ്പോഴാണ് യുവതീ പ്രവേശനത്തെ എതിർത്തവർക്കെതിരെ പൊലീസ് അതിക്രമം നടത്തിയതെന്ന് ഹർജിയിൽ പറയുന്നു. ലോട്ടറി ഏജന്റായ ശിവദാസൻ തന്റെ ടി.വി.എസ് സ്കൂട്ടിയിലാണ് ശബരിമലക്ക് പോയത്. ദർശനം കഴിഞ്ഞ് തിരിച്ചെത്താത്തതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പിന്നീടാണ് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചത്. ശബരിമലയിൽ പൊലീസ് നടത്തിയ അക്രമങ്ങളിലാണ് തന്റെ അച്ഛൻ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നെന്നും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.
പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അക്രമം നടത്തിയ പൊലീസുകാരുടെ വിവരങ്ങൾ ഹൈക്കോടതി തേടിയിരുന്നെങ്കിലും കൃത്യമായ വിവരം അധികൃതർ നൽകിയിട്ടില്ലെന്നും ഹർജിയിലുണ്ട്.