കൊച്ചി : മുനമ്പം മനുഷ്യക്കടത്തു കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശി അനിൽകുമാറും ഏഴാം പ്രതി ഡൽഹി സ്വദേശി രവിയും നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരവും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് വിധി.
വിദേശത്തേക്ക് കടന്നവരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർ എന്തിനാണ് വിദേശത്തേക്ക് പോയതെന്ന് വ്യക്തമായിട്ടില്ല. രാജ്യ സുരക്ഷ കണക്കിലെടുക്കുമ്പോൾ ഇവിടെ നിന്ന് കുറേപ്പേർ അജ്ഞാത സ്ഥലത്തേക്ക് പോയതിനെ നിസാരമായി കാണാൻ കഴിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
ജനുവരി 12 നാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 87 പേരടങ്ങുന്ന സംഘം ബോട്ടിൽ മുനമ്പം മാല്യങ്കരയിൽ നിന്ന് വിദേശത്തേക്ക് പോയത്.
മനുഷ്യക്കടത്ത് കുറ്റം ചുമത്തിയെന്ന് പൊലീസ്
കേസിലെ മുഖ്യ പ്രതി ശെൽവനടക്കം ആറ് പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 വകുപ്പ് പ്രകാരമുള്ള കുറ്റം (മനുഷ്യക്കടത്ത്) കേസിൽ ചുമത്തിയെന്ന് അഡി. എസ്.പി എം.ജെ. സോജൻ ഹൈക്കോടതിയിൽ അഡിഷണൽ സ്റ്റേറ്റ്മെന്റ് നൽകി. നേരത്തെ അനധികൃത കുടിയേറ്റമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒന്നാം പ്രതി ശ്രീകാന്തനും ശെൽവനും ചേർന്ന് ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇരകളിൽ നിന്ന് പണം വാങ്ങിയതായി ശെൽവനെയും സംഘത്തെയും ചോദ്യം ചെയ്തതിൽ നിന്ന് വിവരം ലഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ വിദേശത്തേക്ക് കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. കേസിൽ മനുഷ്യക്കടത്തു കുറ്റം ചുമത്താത്തത് ചൂണ്ടിക്കാട്ടി നേരത്തേ ഹൈക്കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. നിലവിൽ അന്വേഷണം പരിതാപകരമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.