ആലുവ: അനധികൃതമായി പെരിയാറിൽ നിന്നും മണൽ വാരുന്നതിനിടെ പിടികൂടിയ വഞ്ചികൾ പൊലീസിന് തലവേദനയായി. മുൻകാലങ്ങളിൽ പിടികൂടുന്ന വഞ്ചികൾ ജെ.സി.ബി ഉപയോഗിച്ച് പൊലീസ് തകർക്കുകയായിരുന്നു. എന്നാൽ, പുതിയതായി ചുമതലയേറ്റ സി.ഐ തൊണ്ടിമുതൽ നശിപ്പിക്കാൻ അധികാരമില്ലെന്ന നിലപാട് സ്വീകരിച്ചു. തോട്ടുമുഖം ഭാഗത്ത് നിന്നും പിടികൂടിയ രണ്ട് വഞ്ചികൾക്ക് നാല് ദിവസമായി പൊലീസ് കാവലിരിക്കുകയാണ്. പകൽ ഒരാളും രാത്രി രണ്ട് പേരുമാണ് വഞ്ചിക്ക് കാവലിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് സ്റ്റേ ഷനിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. മണൽ വാരലിനെതിരെ മോഷണത്തിനും നദീസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. . പരുന്തുറാഞ്ചി മണപ്പുറത്ത് നിന്ന് മണൽ വാരുന്നതിനിടെ പിടികൂടിയ വഞ്ചികളാണ് സീ പോർട്ട് എയർപോർട് പാലത്തിന് സമീപം കെട്ടിയിട്ടത്. ഇത് വീണ്ടും ചൊവ്വര ഫെറി കടവിലേക്ക് മാറ്റിയാണ് സൂക്ഷിക്കുന്നത്. വഞ്ചിയിൽ നിന്നും മണൽ പുഴയിലേക്ക് മാറ്റുന്നതിനും പൊലീസിന് പണം മുടക്കേണ്ടി വന്നു. കഴിഞ്ഞ ജലദിനത്തിലും തലേന്നുമായിട്ടാണ് പൊലീസ് മണൽ വേട്ട ശക്തമാക്കിയത്. പ്രളയശേഷം പൊലീസിന്റെ മൗനാനുവാദത്തോടെ പെരിയാറിൽ മണൽ വാരൽ ശക്തമായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലംമാറിയതിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്. നേരത്തെ പ്രതിഷേധം വ്യാപകമായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന പേരിൽ വല്ലപ്പോഴും മണൽ വഞ്ചികൾ പിടികൂടിയിരുന്നു. ഇത് ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ നൽകി പൊലീസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തിരുന്നത്. . നിയമത്തിന്റെ ചുവട് പിടിച്ച് മണൽ വഞ്ചിക്ക് പൊലീസുകാർ കാവലിരിക്കുമ്പോൾ നൈറ്റ് പട്രോളിംഗ് മുടങ്ങുന്നതായി ആക്ഷേപമുണ്ട്.