ആലുവ: സൂര്യത
പം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന ഉത്തരവ് ലംഘിച്ച് പി.ഡബ്ളിയു.ഡി റോഡ് പണി തൊഴിൽ വകുപ്പ് തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പൈപ്പ് ലൈൻ റോഡിൽ നിർമ്മല സ്കൂളിന് പിന്നിലെ റോഡിൽ നടന്ന ടാറിംഗ് ജോലികളാണ് ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജുവിന്റെ നിർദ്ദേശപ്രകാരം ആലുവ അസിസ്റ്റന്റ് ലേബർ ഓഫീസർ ജഹ്ഫർ സാദിഖിന്റെ നേതൃത്വത്തിൽ തടഞ്ഞത്.
വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴിൽവകുപ്പ് തൊഴിൽ സമയം ക്രമീകരിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ പുറം ജോലികൾ ചെയ്യിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഇത് അവഗണിച്ച് നട്ടുച്ചക്ക് നിർമ്മാണം തുടരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ വരും ദിവസങ്ങരളിലും പരിശോധന തുടരുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളിൽ വിളിച്ച് പരിഹാരം തേടണം