കൊച്ചി: ഇലക്ഷൻ പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഇലക്ടറൽ ഒാഫീസർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന മുൻ ഉത്തരവ് പാലിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രചരണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് മാർച്ച് 11 ന് ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവും ജില്ലാ ഇലക്ടറൽ ഒാഫീസർമാർ നടപ്പാക്കണം.
അനധികൃത ഫ്ളക്സ് ബോർഡുകളുടെ നിരോധനം നടപ്പാക്കാൻ നോഡൽ ഒാഫീസർമാരായി ചുമതലപ്പെടുത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ ജോയിന്റ് ഡയറക്ടർ എന്നിവർ എന്തുകൊണ്ടാണ് ഇനിയും മൊബൈൽ നമ്പരും വാട്ട്സ് അപ്പ് നമ്പരും ഇ -മെയിൽ ഐ.ഡിയും പ്രസിദ്ധപ്പെടുത്താത്തതെന്ന് കോടതി വാക്കാൽ ചോദിച്ചു. ഉത്തരവിനു ശേഷം ഫ്ളക്സിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പരിസ്ഥിതിക്കുണ്ടായ നാശം ഇപ്പോഴത്തെ കാലാവസ്ഥയിൽ നിന്ന് അറിയാനാകുമെന്ന് വാക്കാൽ പറഞ്ഞ കോടതി കേസ് ഏപ്രിൽ 11 ന് വീണ്ടും പരിഗണിക്കും.
സ്വീകരിക്കേണ്ട നടപടികൾ
അനധികൃത ബോർഡുകളും ബാനറുകളും സ്ഥാപിച്ചവർക്ക് ഇവ തിരിച്ചു നൽകുന്നതിനൊപ്പം ഫീസും പിഴയും ഇൗടാക്കണം.
പണം നൽകുന്നില്ലെങ്കിൽ റിക്കവറി നടപടികൾ സ്വീകരിക്കാം.
പ്രചാരണത്തിനായി നിയമവിരുദ്ധ വസ്തുക്കൾ ഉപയോഗിക്കുന്നത് തുടർന്നാൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാം.
പരാതിയിൽ കേസെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഒാഫീസർക്കെതിരെ (എസ്.എച്ച്.ഒ ) നടപടിയെടുക്കണം.