കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന് പൊലീസിന് ആദ്യമായി മൊഴി നൽകിയ സിസ്റ്റർ ലിസി വടക്കേലിനോട് മൂവാറ്റുപുഴ ജ്യോതിഭവനിൽ നിന്ന് 31നകം വിജയവാഡയിലേക്ക് സ്ഥലംമാറാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് മഠം അധികൃതർ നോട്ടീസ് നൽകി. മഠത്തിനെതിരെ സിസ്റ്റർ നുണകൾ പറഞ്ഞതായും പണപ്പിരിവ് നടത്തിയതായും ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷന്റെ വിജയവാഡയിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അൽഫോൺസ് എബ്രഹാമിന്റെ നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്.

കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ ഏപ്രിൽ 30 വരെ അനുവദിക്കാൻ അപേക്ഷ സമർപ്പിക്കാം.

ജലന്ധറിൽ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമാണ് സിസ്റ്റർ ലിസി.

പീഡനവിവരം ഇവർ പൊലീസിനെ അറിയിച്ചിരുന്നു. രോഗിയായ അമ്മയെ കാണാൻ മൂവാറ്റുപുഴയിൽ എത്തിയപ്പോൾ താൻ മഠത്തിൽ തടങ്കലിലാണെന്നും സിസ്റ്റർ വെളിപ്പെടുത്തി.

മഠത്തിന്റെ ഗസ്റ്റ് ഹൗസായ ജ്യോതിഭവനിൽ 2003ൽ ചേർന്ന സിസ്റ്റർക്ക് 2013ൽ സ്ഥലംമാറ്റം നൽകിയെങ്കിലും പോകാൻ തയ്യാറായില്ലെന്ന് നോട്ടീസിൽ പറയുന്നു. 2019 ഫെബ്രുവരിയിൽ വീണ്ടും സ്ഥലംമാറ്റ ഉത്തരവ് നൽകി. അമ്മയെ കാണാൻ ഏഴു ദിവസത്തെ അവധിക്ക് വന്ന സിസ്റ്റർ ഫെബ്രുവരി 25 മുതൽ മൂവാറ്റുപുഴ ജ്യോതിഭവനിൽ താമസിക്കുകയാണ്. ഇത് ചട്ടവിരുദ്ധമാണ്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ സാക്ഷിമൊഴി നൽകുന്നതിൽ നിന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ വിലക്കിയെന്ന ആരോപണം തെറ്റാണ്. കുറ്റപത്രം പോലും നൽകാത്ത കേസിൽ വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ മൂവാറ്റുപുഴയിൽ തങ്ങേണ്ടതില്ലെന്നാണ് അറിയിച്ചത്. മരുന്നുകൾ നൽകിയില്ലെന്ന ആരോപണവും ശരിയല്ല. മഠത്തിനെതിരെ നുണ പ്രചരിപ്പിച്ചതിന് ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിസ്റ്റർ ലിസിയുടെ പാപങ്ങൾ

 പീഡനവിവരം യഥാസമയം പൊലീസിനെയും മഠം അധികൃതരെയും അറിയിച്ചില്ല

 പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ കൗൺസലിംഗ് നടത്തിയത് മഠത്തിന്റെ അനുമതിയില്ലാതെ

 വർഷങ്ങളായി പലരിൽ നിന്നും പണം പിരിക്കുകയും പുസ്തകം അച്ചടിച്ചു വിൽക്കുകയും ചെയ്തു

 ചട്ടവിരുദ്ധമായി മൂവാറ്റുപുഴ ജ്യോതിഭവനിൽ താമസിക്കുന്നു

 മേജർ സുപ്പീരിയറിനും മറ്റു കന്യാസ്ത്രീകൾക്കുമെതിരെ കോടതിയെ സമീപിച്ചു