കൊച്ചി: കോടതി അലക്ഷ്യക്കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പ്രീതാഷാജിയും ഭർത്താവ് ഷാജിയും സാമൂഹ്യസേവനത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കൊപ്പമായിരുന്നു ഇരുവരും. 17 ദിവസങ്ങൾ കൊണ്ട് 100 മണിക്കൂർ സാമൂഹ്യ പ്രവർത്തനം പൂർത്തിയാക്കണം. സ്ഥലം ജപ്തി നടപടികൾ സമരത്തിലൂടെ തടഞ്ഞതിനാണ് ഹൈക്കോടതി കേസെടുത്തത്. രാവിലെ വക്കീലിനെ കണ്ട് ഉത്തരവ് കൈപ്പറ്റിയ പ്രീതയും ഭർത്താവും പത്തു മണിക്ക് മുമ്പേ എറണാകുളം ജനറൽ ആശുപത്രിയിലെത്തി മെഡിക്കൽ സൂപ്രണ്ടിനെ കണ്ടു. തേവര, കടവന്ത്ര ഭാഗങ്ങളിലെ നാല് വീടുകളിലാണ് പ്രീത പാലിയേറ്റീവ് കെയർ യൂണിറ്റിനൊപ്പം സന്ദർശിച്ചതും രോഗികളെ ശുശ്രൂഷിച്ചതും. ഷാജി വടുതല ഭാഗത്തുള്ള ഒമ്പത് വീടുകളിലെ രോഗികളെ ശുശ്രൂഷിച്ചു. ഡോക്ടറും നഴ്സുമടങ്ങിയ സംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ട്യൂബ് മാറ്റുക, മുറിവ് വച്ചുകെട്ടുക തുടങ്ങിയ ജോലികളാണ് ഇരുവരും ചെയ്തത്. 100 മണിക്കൂർ സേവനം പൂർത്തിയാക്കിയാൽ മെഡിക്കൽ സൂപ്രണ്ട് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. സർഫാസി നിയമം പ്രകാരം ബാങ്ക് കൈക്കലാക്കിയ വീട് തിരികെ കിട്ടാനുള്ള ഇടപ്പള്ളി മാനാത്തുപാടം സ്വദേശിനി പ്രീത ഷാജിയുടെ സമരം രാജ്യശ്രദ്ധ പിടിച്ചു പറ്റി. ജപ്തി നടപടി റദ്ദാക്കി വിധി സമ്പാദിച്ച ശേഷം പ്രീത ഷാജി ഞായറാഴ്ച വീണ്ടും ഗൃഹപ്രവേശവും നടത്തി. 25 വർഷത്തിന് ശേഷം സ്വന്തം വീട്ടിൽ സമാധാനമായി അന്തിയുറങ്ങിയ ശേഷമാണ് ഇരുവരും കോടതി ഉത്തരവ് പ്രകാരമുള്ള സാമൂഹ്യസേവനത്തിനിറങ്ങിയത്.

ശിക്ഷയല്ല, പുണ്യപ്രവൃത്തി

"ഇത് ഒരു ശിക്ഷയായി കാണുന്നില്ല. പുണ്യപ്രവൃത്തിയായാണ് തോന്നുന്നത്. വീടില്ലാതെ നാലുമാസം ടാർപോളീൻ വലിച്ചു കെട്ടിയാണ് ജീവിച്ചത്. അത് ജയിലിൽ കിടക്കുന്നതു പോലെയായിരുന്നു. അതിലും വലുതല്ല ഒന്നും."

പ്രീത ഷാജി

അമ്മയെ ശുശ്രൂഷിച്ചതുപോലെ

"പക്ഷാഘാതം വന്ന് അമ്മ ഒന്നരവർഷത്തോളം കിടപ്പിലായിരുന്നു. ഇപ്പോൾ ശുശ്രൂഷിച്ചവരെയൊക്കെ ഞാൻ അമ്മയെ പോലെയാണ് കണ്ടത്. ശിക്ഷയായിട്ടല്ല, സേവനമായിട്ടാണ് കണക്കാക്കുന്നത്."

ഷാജി