കൊച്ചി: ലോക്‌സഭാ ഇലക്ഷനിൽ മത്സരിക്കുന്ന എം.എൽ.എമാർ ജയിച്ചാൽ വേണ്ടിവരുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് അവരിൽ നിന്നു തന്നെ ഇൗടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
എ.എം. ആരിഫ്, വീണ ജോർജ്, പ്രദീപ് കുമാർ, പി.വി. അൻവർ, സി. ദിവാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, ഹൈബി ഇൗഡൻ, ചിറ്റയം ഗോപകുമാർ എന്നീ എം.എൽ.എമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇവരെല്ലാം ജയിച്ചാൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പകരം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അലവൻസും ആനുകൂല്യങ്ങൾക്കും പുറമേ മുൻ എം.എൽ.എ എന്ന നിലയിൽ നൽകേണ്ട ആനുകൂല്യങ്ങളും കണക്കാക്കിയാൽ വൻതുക വരും.
പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇതു തർക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും തിരഞ്ഞെടുപ്പു കമ്മിഷനും നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ഇരട്ടപ്പദവി വഹിക്കുന്നത് തടഞ്ഞുകൊണ്ട് 1950 ൽ നിയമം നിർമ്മിക്കുമ്പോൾ അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടി വരുമെന്ന് നിയമ നിർമ്മാതാക്കൾ കരുതിയിട്ടുണ്ടാവില്ല. അനാവശ്യ ഉപതിരഞ്ഞെടുപ്പുകളുടെ ചെലവ് സ്ഥാനാർത്ഥികൾ വഹിക്കേണ്ടതില്ലെന്നു പറയുന്ന നിയമത്തിലെ ഭാഗം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.