ആലുവ: പെരിയാറിൽ മണൽ വാരുന്നതിനിടെ പിടികൂടിയ വഞ്ചികൾ കളമശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റി. വഞ്ചികൾ വർണ പെയിന്റ് പൂശി മനോഹരമാക്കി ക്യാമ്പിൽ സൂക്ഷിക്കാനാണ് തീരുമാനം. പുഴയിൽ തന്നെ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ലോറിയിൽ കയറ്റി ക്യാമ്പിലേക്ക് കൊണ്ടുപോയത്.
തുരുത്ത് റെയിൽവേ പാലത്തിനടുത്തുനിന്നാണ് നാട്ടുകാർ അറിയിച്ചതു പ്രകാരം കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് വഞ്ചികളും ലോറിയും പിടികൂടിയത്. വഞ്ചികൾ സീ പോർട്ട് എയർപോർട്ട് പാലത്തിന് സമീപം കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇത് കയറ്റിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഞായറാഴച രണ്ട് വഞ്ചികളും ചൊവ്വര ഫെറി കടവിലേക്ക് മാറ്റി. മണൽ നീക്കിയ ശേഷം വഞ്ചി മാറ്റാനായി പൊലീസിന് പണം മുടക്കേണ്ടി വന്നിരുന്നു. ചൊവ്വര കടവിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയാണ് വലിയ ട്രെയിലർ ലോറികളിലാക്കി രണ്ട് വഞ്ചികളും ക്യാമ്പിലേക്ക് കൊണ്ടുപോയത്. സാധാരണ ഗതിയിൽ പിടികൂടുന്ന വഞ്ചികൾ പുഴയിലിട്ടുതന്നെ പൊളിച്ചുകളയാറാണ് പതിവ്. ഇത്തരത്തിൽ നിരവധി വഞ്ചികളാണ് പെരിയാറിൽ മാത്രം പൊളിച്ചത്. ഇത് പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. മണൽ വഞ്ചികൾ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചപ്പോൾ നൈറ്റ് പട്രോളിംഗ് മുടങ്ങിയതും വിവാദമായിരുന്നു.