mohanlal
പ്രാഥമിക ജീവൻ രക്ഷാ പരിശീലന പദ്ധതിയെക്കുറിച്ചുള്ള കൈപുസ്തകം 'രക്ഷാകവചം' എമർജൻസി വിഭാഗം മേധാവി ഡോ.കെ.പി.ഗിരീഷ് കുമാർ നടൻ മോഹൻലാലിന് നൽകി പ്രകാശനം ചെയ്യുന്നു.

കൊച്ചി: ഇന്ത്യയിലെ അടിയന്തര ചികിത്സാ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണമെന്ന് കൊച്ചിയിൽ നടന്ന അമൃത എമർജൻസി ട്രോമ കെയർ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പ്രാഥമിക ജീവൻ രക്ഷാപരിശീലനപദ്ധതി ഉൾപ്പെടുത്തിയാൽ ഫലപ്രദമായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വൈദ്യ ശാസ്ത്ര വിദ്യാർത്ഥികൾക്കും ആശുപത്രി മാനേജ്‌മെന്റ് വിദഗ്ദ്ധർക്കുമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ നടന്ന ശില്പശാലയ്ക്ക് എമർജൻസി
വിഭാഗം ഡോക്ടർമാരായ ഡോ.പെറ്റർ പട്ടേൽ, ഡോ.ജിം.ഒ.ബ്രിൻ എന്നിവർ നേതൃത്വം നൽകി. ഗ്യാസ്‌ട്രോളജി വിദഗ്ദ്ധനായ ഡോ.രാമാ. പി വേണു, ഡോ.എം.ജി.കെ.പിള്ള, ഡോ.വിശാൽ മർവ്വഹ, ഡോ.കെ.പി.ഗിരീഷ്‌കുമാർ, ഡോ.ശ്രീകൃഷ്ണൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.
പ്രാഥമിക ജീവൻ രക്ഷാ പരിശീലനപരിപാടിയെകുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാനുതകുന്ന കൈപ്പുസ്തകം 'രക്ഷാ കവചം' അമൃതയിലെ എമർജൻസി വിഭാഗം മേധാവി ഡോ.കെ.പി.ഗിരീഷ്‌കുമാർ നടൻ മോഹൻലാലിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ.ബ്രഹ്മചാരി ജഗുസ്വാമി, ഡോ.ശ്രീകൃഷ്ണൻ, ഡോ.ഭരത് എന്നിവർ പങ്കെടുത്തു.