കൊച്ചി : യുവ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം വേ
ണമെന്ന ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് അപ്പീൽ നൽകി. അപ്പീൽ തീർപ്പാകുംവരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 18ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനു വരുമ്പോഴാണ് യുവ നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയടക്കമുള്ള പ്രതികൾ അറസ്റ്റിലായി. പിന്നീടാണ് ഗൂഢാലോചനക്കുറ്റം ചുമത്തി നടൻ ദിലീപിനെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി 2018 ഡിസംബർ 19ന് സിംഗിൾബെഞ്ച് തള്ളി.
സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും അനാവശ്യമായി പ്രതിയാക്കിയതാണെന്നും ദിലീപിന്റെ അപ്പീലിൽ പറയുന്നു. ന്യായമായ വിചാരണ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. പ്രത്യേക സംഘം ഇൗ കേസിൽ നടത്തിയ അന്വേഷണം ശരിയായ ദിശയിലുള്ളതല്ല. പക്ഷപാതത്തോടു കൂടിയ അന്വേഷണം ന്യായമായ വിചാരണയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അപ്പീലിൽ പറയുന്നു. അപ്പീൽ അടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.