camera
പട്ടിമറ്റം റോഡിൽ സ്ഥാപിച്ച കാമറ

കോലഞ്ചേരി: . പട്ടിമറ്റം കോലഞ്ചേരി റോഡിൽ മാലിന്യമെറിഞ്ഞാൽ പിടി വീഴും. പട്ടിമറ്റം തെക്കേ കവലമുതൽ വാലേത്തുപടി വരെ കുപ്പത്തൊട്ടിയാക്കി മാറ്റിയവരെ കൈയ്യോടെ പിടികൂടാൻ കുന്നത്തുനാട് പൊലീസും തയ്യാറെടുത്തു. അഗാപ്പെ കമ്പനി മുതൽ പട്ടിമറ്റം തെക്കേ കവല വരെ ആറ് എച്ച് ഡി കാമറകൾ 24 മണിക്കൂറും മിഴി തുറക്കും. കാമറ ദൃശ്യങ്ങൾ തത്സമയം കുന്നത്തുനാട് പൊലീസ് സറ്റേഷനിലെ മോണിട്ടറിൽ ലഭിക്കും. മാലിന്യം മൂലം വഴി നടക്കാൻ പോലും പറ്റാതെ വന്നു. മാലിന്യങ്ങളിൽ നിന്നും ഈച്ചയാർത്ത് ഗുരുതര ആരോഗ്യ ഭീഷണിഉയർന്നവാർത്ത കേരള കൗമുദിയാണ് റിപ്പോർട്ടു ചെയ്തത്. തുടർന്ന് കാമറ സ്ഥാപിക്കാൻ പണം അഗാപ്പെ കമ്പനി മുടക്കി. പച്ചക്കറി, മീൻ ,ഇറച്ചി കടകൾ, കാ​റ്ററിംഗ് യൂണി​റ്റുകൾ, റീട്ടെയിൽ കടകൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിൽ നിറച്ച് ഇവിടെ തള്ളുകയായിരുന്നു പതിവ്. കൂടെ പ്ളാസ്റ്റിക് വസ്തുക്കളും റോഡരുകിൽ നിറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിൽ പ്ലാസ്​റ്റിക് കാരി ബാഗുകൾ നിരോധിച്ചെങ്കിലും ഉപയോഗം കുറയ്ക്കാനായിട്ടില്ല. പ്ലാസ്​റ്റിക് സംഭരിക്കാൻ പള്ളിക്കര മാർക്ക​റ്റിൽ പഞ്ചായത്ത് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആരും ഇത് പ്രയോജനപ്പെടുത്തുന്നില്ല. കൂടാതെ വാർഡുകളിൽ നടത്തുന്ന ഗ്രാമസഭകളിൽ പ്ലാസ്​റ്റിക് ഉപയോഗിക്കരുതെന്ന് ആഹ്വാനം നടത്താറുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.