കൊച്ചി: ഇടമലയാർ ആനവേട്ട കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി തിരുവനന്തപുരം പേട്ട സ്വദേശി സിന്ധുവെന്ന കൊൽക്കത്ത തങ്കച്ചിയെ വനംവകുപ്പ‌് കൊൽക്കത്തയിൽ നിന്നു പിടികൂടി. ഇവരുടെ മകൻ അജീഷിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും അറസ‌്റ്റ‌് ചെയ്‌തു.
തങ്കച്ചിയുടെ ഭർത്താവ‌് സുധീഷ‌് ചന്ദ്രബാബു, മകൾ അമിത എന്നിവരെ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ)12ന‌് കൊൽക്കത്തയിൽ നിന്നും അറസ‌്റ്റ‌് ചെയ‌്തിരുന്നു. തങ്കച്ചി പിടിയിലായതോടെ രാജ്യാന്തര ബന്ധമുള്ള ആനവേട്ട കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകുമെന്ന‌് വനംവകുപ്പ‌് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിൽ നിന്നും വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ‌് ശിൽപ്പങ്ങളാക്കി നേപ്പാൾ വഴി വിദേശത്തേക്ക‌് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ‌് തങ്കച്ചി. കോടികളുടെ ആനക്കൊമ്പ‌് കേസിൽ പ്രതിയായ സിന്ധു വർഷങ്ങളായി കൊൽക്കത്തയിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഇവർക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ‌് 1.03 കോടി രൂപയുടെ ആനക്കൊമ്പും ശിൽപ്പങ്ങളുമായി സുധീഷും അമിതയും ഡി.ആർ.ഐയുടെ പിടിയിലായത‌്. കേരളത്തിൽ നിന്ന‌് എത്തിക്കുന്ന ആനക്കൊമ്പ‌് കൊൽക്കത്തയിലെത്തിച്ച ശേഷം ശിൽപ്പങ്ങളാക്കി സിലിഗുരി വഴി നേപ്പാളിലേക്കും തുടർന്ന‌് വിദേശ മാർക്കറ്റുകളിലേക്കും അയക്കുകയായിരുന്നു പതിവ‌്.
ആനക്കൊമ്പ‌് കേസിലെ പ്രധാന പ്രതിയായ ഉമേഷ‌് അഗർവാളിനെ ഡൽഹിയിൽ നിന്നും 2015ൽ പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും 487 കിലോ ആനക്കൊമ്പും ശിൽപ്പങ്ങളും കണ്ടെടുത്തു. ഡൽഹിയിൽ ഉമേഷും കൊൽക്കത്തയിൽ തങ്കച്ചിയുമായിരുന്നു ആനക്കൊമ്പ‌് വ്യാപാരം നിയന്ത്രിച്ചിരുന്നത്. ആനവേട്ട സംഘത്തിലെ പാചകക്കാരനായ കളരിക്കുടി കുഞ്ഞുമോൻ 2015ൽ നടത്തിയ കുറ്റസമ്മതമൊഴിയെ തുടർന്നാണ‌് ആനവേട്ട പുറത്തായത്.