കൊച്ചി: മരിക്കും വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. ഡൽഹിയിൽ നിന്ന് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഒരു പദവിയും മോഹിച്ചിട്ടല്ല കോൺഗ്രസിലെത്തിയത്. ഹൈക്കമാൻഡ് പദവികളൊന്നും വാഗ്ദാനം ചെയ്‌തിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തോമസ് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ആഴ്ചകൾക്ക് മുമ്പേ ഡൽഹിയിലെത്തിയ മാഷ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധിച്ചിരുന്നു. നെടുമ്പാശേരിയിലെത്തിയ തോമസിന് സ്വന്തം നാട്ടുകാരായ കുമ്പളങ്ങിക്കാർ ആവേശഭരിതമായ സ്വീകരണമാണ് നൽകിയത്.