കൊച്ചി: പ്രമുഖ കല്പിത സർവകലാശാലയായ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് കൊച്ചിയിൽ ഇൻഫോപാർക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാർക്കിൽ അടുത്ത അദ്ധ്യയനം വർഷം പ്രവർത്തനം തുടങ്ങും. രാജ്യത്തെയും വിദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാമ്പസ് സ്ഥാപിക്കാനാവശ്യമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് നോളജ് പാർക്കിലുള്ളത്.
ജെയിൻ കാമ്പസിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ 30 കോഴ്‌സുകൾ ആരംഭിക്കുമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ചെയർമാൻ ഡോ. ചെൻരാജ് റോയ്ചന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊമേഴ്‌സ്, ബിസിനസ് സ്‌റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള കോഴ്‌സുകൾ ഉണ്ടാകും. എല്ലാ കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷയുണ്ട്. കേരളത്തിൽ, പ്രളയദുരിതം നേരിട്ട 50 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ തൊഴിൽസജ്ജരാക്കാനും സംരംഭകത്വത്തിൽ പരിശീലനത്തിലൂടെ തൊഴിൽദാതാക്കളെ സൃഷ്‌ടിക്കാനും തൊഴിൽ നൈപുണ്യം, സംരംഭകത്വം, അഭിരുചിക്കിണങ്ങിയ സ്‌പെഷ്യലൈസേഷൻ തുടങ്ങിയവ കോർത്തിണക്കിയുള്ള ഉന്നത വിദ്യാഭ്യാസമാണ് കൊച്ചിയിലെ ഓഫ് കാമ്പസ് സെന്റർ നൽകുന്നത്.
ലോകോത്തര സൗകര്യങ്ങളുള്ള കാമ്പസിലെ വൈവിദ്ധ്യങ്ങളായ വിഷയങ്ങൾ, സവിശേഷ പഠനരീതികൾ, വിദഗ്ദ്ധ പരിശീലനം തുടങ്ങിയവ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പുത്തൻ പഠനാനുഭവമാകുമെന്ന് ഡോ. റോയ്ചന്ദ് പറഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ബംഗളൂരുവിലുള്ള യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രീകൃത പ്ലേസ്‌മെന്റ്, ട്രെയിനിംഗ് സെൽ സേവനം എന്നിവ ലഭിക്കും. 1990ൽ ബംഗളൂരു ആസ്ഥാനമായി സ്ഥാപിതമായ ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്‌റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള ജെയിൻ യൂണിവേഴ്‌സിറ്റിക്ക് രാജ്യത്ത് 64 കാമ്പസുകളിലായി 85 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് വിശാൽ ജെയിൻ, ഡയറക്‌ടർ ഡോ. ഈശ്വർ അയ്യർ, ജോയിന്റ് രജിസ്ട്രാർ എം.എസ്. സന്തോഷ്, ടോം ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജോബ് ഫെയർ 30ന്
ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ജോബ് ഫെയർ 30ന് കൊച്ചിയിലെ കാമ്പസിൽ നടക്കും. 50 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിലേക്കായി ഇതിനകം 7,000പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.