കൊച്ചി : വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാത്ത പാലക്കാട് കേരള മെഡിക്കൽ കോളേജിലെ 150 രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെ 13 സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ നിലപാടു തേടിയ ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. പാലക്കാട് കേരള മെഡിക്കൽ കോളേജിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതിയുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ 17 സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ഇവരിൽ 13 കോളേജുകൾ മുന്നോട്ടു വച്ച വ്യവസ്ഥകൾ യുക്തിസഹമാണെന്ന് വിലയിരുത്തിയാണ് കുട്ടികളെ മാറ്റാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചത്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും അനുമതി വേണം.