കേസ് റദ്ദാക്കണമെന്ന ഹർജി ജോർജ് പിൻവലിച്ചു
കൊച്ചി : ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നത്? വീട്ടിലുള്ളവരെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്തുമോ? പാഞ്ചാലിയുടെയൊന്നും കാലമല്ലിത്. പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു...
ആക്രമണത്തിനിരയായ യുവനടിക്കെതിരെ പരാമർശങ്ങൾ നടത്തിയെന്ന കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ പി.സി. ജോർജ് എം.എൽ.എയെ ഹൈക്കോടതി വിമർശിച്ചതിങ്ങനെയാണ്. സിംഗിൾബെഞ്ചിന്റെ വിമർശനത്തെത്തുടർന്ന് ജോർജ് ഹർജി പിൻവലിച്ചു.
യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ സംഭവത്തോടു പ്രതികരിക്കവേ ക്രൂരമായ പീഡനത്തിന് ഇരയായ നടി എങ്ങനെയാണ് അടുത്ത ദിവസം ഷൂട്ടിംഗിന് പോയതെന്നും മറ്റും പി.സി. ജോർജ് പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതു നടിയെ അപമാനിക്കുന്നതാണെന്നാരോപിച്ച് നെടുമ്പാശേരി പൊലീസാണ് പി.സി. ജോർജിനെതിരെ കേസെടുത്ത് കുറ്റപത്രം നൽകിയത്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡിഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും തുടർ നടപടികളും റദ്ദാക്കാനാണ് പി.സി. ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
ആക്രമണത്തിനിരയായ പെൺകുട്ടിയെ വീണ്ടും വീണ്ടും മാനസികമായി ആക്രമിക്കുന്നതെന്തിനാണ് ? ആക്രമണം നേരിട്ട പെൺകുട്ടി അടുത്ത ദിവസം ഷൂട്ടിംഗിന് പോയത് അവൾ ധൈര്യശാലി ആയതിനാലാവും. പീഡനക്കേസിലെ ഇരയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം കുറ്റം ആവർത്തിക്കുന്നതിന് തുല്യമാണ്. സ്ത്രീകളെ ജീവിക്കാൻ അനുവദിക്കില്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു.
പി.സി. ജോർജ് നൽകിയ ഹർജിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും മേൽവിലാസവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും വിശദീകരിച്ചു. തുടർന്നാണ് ഹർജി പിൻവലിക്കാൻ പി.സി. ജോർജിന്റെ അഭിഭാഷകൻ അനുമതി തേടിയത്.