പറവൂർ : കൊച്ചിയ്ക്കൊരു കേന്ദ്ര മന്ത്രി വേണമെങ്കിൽ തന്നെ വിജയിപ്പിക്കണമെന്ന്എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഞങ്ങൾ മൂന്നു പേർ മത്സരിയ്ക്കുന്നതിൽ ഏറ്റവും അനുയോജ്യൻ ആരാണെന്നു നിങ്ങൾ തിരുമാനിക്കുക. ഐ.എ.എസ് അടക്കമുള്ള പദവികൾ ആർക്കും നേടാവുന്നതെയുള്ളു. ഒരു സാധാരണ കുടുംബത്തിൽ അദ്ധ്യാപകന്റെ മകനായ ഞാൻ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചത്. ലക്ഷ്യബോധവും കഠിന പ്രയത്നവുമാണ് തന്നെ ഈ നിലയിലേക്കു വളർത്തിയത്. പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നുഅദ്ദേഹം.. തിരഞ്ഞെടുപ്പിൽ ജനവിധി എതിരായാൽ രാജ്യസഭ അംഗത്വം രാജി വക്കുമോയെന്ന ചോദ്യത്തിന് ഭരണഘടനയനുസരിച്ചു അതിന്റ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.നോട്ടു നിരോധിച്ചതിനാൽ നികുതി നൽകുന്നവരുടെഎണ്ണം വർദ്ധിച്ചു.നോട്ടു നിരോധിയ്ക്കുന്നതിനു മുമ്പ് രണ്ടര കോടി ജനങ്ങളായിരുന്നു വരുമാന നികുതി നല്കിയിരുന്നതെങ്കിൽ ഇപ്പോൾ ആറര കോടിയായി വർദ്ധിച്ചു.രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് 10.1 ശതമാനമായിരുന്നു വിലക്കയറ്റമെങ്കിൽ ഇപ്പോഴത് 2.1 ശതമാനമായി. എല്ലാവർക്കും ശുചിമുറി നൽകി. മുദ്ര ലോൺ വഴി ആയിരങ്ങൾക്കു തൊഴിലവസരം സൃഷ്ടിച്ചു. ബി.ജെ.പിനിയോജക മണ്ഡലം പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, ടി.എ. ദിലീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
മത്സ്യം നൽകി സ്വീകരിച്ചു
പറവൂർ : മത്സ്യ ഗ്രാമമായ ഏഴിക്കരയിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് സ്വീകരണം. കെടാമംഗലം കുടിയാകുളങ്ങരയിലുള്ള മത്സ്യതൊഴിലാളികൾ പുഴയിൽ നിന്നും പിടിച്ച മത്സ്യം നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. യോഗത്തിൽ പി.എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. സാജൻ കാട്ടേത്ത്, ടി.എ. ദിലീപ്, സി.വി. ഹരിദാസ്, എ.എം. രമേഷ്, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.