കൊച്ചി: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് കെ.വി. തോമസ് എം.പി പറഞ്ഞു. ഇത് പാർട്ടിക്ക് ഗുണകരമാകില്ല. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നത് തിരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കും. ലോക‌്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനപരമായി ഐ ഗ്രൂപ്പുകാരനാണെങ്കിലും പാർട്ടിയിലെ എല്ലാ നേതാക്കന്മാരുമായി അടുപ്പമുണ്ട്. ചെറുപ്പക്കാരായ സഹപ്രവർത്തകരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാണെന്ന് തോന്നിയതിനാൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാമെന്ന് ആറുമാസം മുമ്പുതന്നെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എട്ട് സിറ്റിംഗ് എം.പിമാർക്കും സീറ്റ് നൽകുമെന്ന് പറഞ്ഞിട്ട് അവസാനനിമിഷം ഒഴിവാക്കിയത് മനോവേദനയുണ്ടാക്കി. വിഷയത്തിൽ സോണിയാഗാന്ധി ഇടപെട്ടതോടെ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിച്ചു. രാഹുലുമായി അഭിപ്രായ വ്യത്യാസമില്ല. ഇപ്പോൾ പൂർണതൃപ്തനാണ്. പ്രതിസന്ധിയിൽ സംസ്ഥാന നേതൃത്വത്തിലെ ആരെയും കുറ്റപ്പെടുത്താനില്ല. ചില വിഷയങ്ങളിലുള്ള തന്റെ അഭിപ്രായം പാർട്ടിക്കുള്ളിലേ സംസാരിക്കൂ.