amma

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. പ്രസിഡന്റ് മോഹൻലാൽ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ദേശാഭിമാനി റോഡിൽ 11 സെന്റ് സ്ഥലത്ത് 12,000 സ്‌ക്വയർഫീറ്റിലെ അഞ്ചുനില കെട്ടിടം 5.75 കോടി രൂപയ്ക്ക് സ്വന്തമായി വാങ്ങുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഓഫീസ് മൂന്ന് മാസത്തിനകം പൂർണമായും കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം. അംഗങ്ങൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനം നടത്താൻ ഈ മാറ്റം കൂടുതൽ സഹായകരമാകുമെന്ന് 'അമ്മ' പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. അമ്മ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾക്ക് ആസ്ഥാനമൊരുക്കുകയാണ് പുതിയ ഓഫീസിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി ഇടവേളബാബു കേരളകൗമുദിയോട് പറഞ്ഞു. മുതിർന്ന താരങ്ങളായ ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ഹണി റോസ്, രചനാ നാരായണൻ കുട്ടി, ശ്വേതാമേനോൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഔപചാരിക ഉദ്ഘാടനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഫോട്ടോ: 'അമ്മ'യുടെ പുതിയ കെട്ടിടത്തിന്റെ താക്കോൽ പ്രസിഡന്റ് മോഹൻലാൽ ഏറ്റുവാങ്ങുന്നു