ആലുവ: അവധിക്കാലം ആരംഭിച്ചതോടെ ആലുവ മുനിസിപ്പൽ പാർക്ക് താത്കാലികമായി സുന്ദരിയായതിന്റെ ആശ്വാസത്തിലാണ് കുട്ടികൾ. വാഴക്കുളം ഹോളി ക്രസന്റ് കോളേജ് ഒഫ് ആർകിടെക്ചറിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 'കലാഗ്രാം 2019'ന്റെ ഭാഗമായി വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് നാൾ നീണ്ടുനിന്ന വർക്ക് ഷോപ്പുകളും സംവാദങ്ങളുമെല്ലാം ഇന്ന് വൈകിട്ട് അവസാനിക്കും.
കുട്ടികൾക്കായുള്ള കളിക്കോപ്പുകളെല്ലാം തുരമ്പെടുത്ത് നശിച്ചെങ്കിലും കണ്ണുകൾക്ക് ആനന്ദം നൽകുന്ന നിരവധി സ്തൂപങ്ങളും മറ്റും കലാഗ്രാമിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശോച്യാവസ്ഥയിലായിരുന്ന ആലുവ പാർക്ക് പ്രളയത്തെത്തുടർന്ന് തകർന്ന് നാമവശേഷമായിരുന്നു. ഇതിനിടയിൽ ഒരു കോടി രൂപയിലേറെ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കമിട്ടെങ്കിലും ഇതെല്ലാം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
ഇതിനിടയിലാണ് പാർക്കിൽ ആദ്യമായി ആർക്കിടെക്ചർ വിദ്യാർത്ഥികളുടെ മേളയ്ക്ക് കളമൊരുങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിലെ ചുവരുകളിൽ വർണചിത്രങ്ങൾ വരച്ച് ശ്രദ്ധേയരായ സംഘം തന്നെയാണ് ഇവിടെയും പ്രവർത്തിച്ചത്. പ്രളയജലം ബാക്കിവെച്ച പാർക്കിലെ കളിക്കോപ്പുകളിലും ഇരിപ്പിടങ്ങളിലും നിറങ്ങൾ പകർന്നു. മരങ്ങൾ വർണത്തുണികളിൽ പൊതിഞ്ഞു. ഉപയോഗശൂന്യമായ സൈക്കിൾ ടയറുകൾ വിവിധ നിറങ്ങളിൽ കുളിച്ച് വൻ മരങ്ങൾക്ക് അലങ്കാരമായി. പാർക്കിലെ ചുവരുകളും നിറങ്ങൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. നിരവധി ഇൻസ്റ്റലേഷനുകളും പാർക്കിൽ ഉണ്ട്. ഡിജിറ്റൽ, ഷോർട്ട് ഫിലിം മത്സരങ്ങളും വർക്ക്‌ഷോപ്പുകളും നടന്നു. കൽപ്പാത്തിയടക്കമുള്ള പൈതൃകഗ്രാമങ്ങളുടെ ഡിജിറ്റൽ മാപ്പ്, പൈതൃക പ്രാധാന്യം തുടങ്ങിയവയുടെ പ്രദർശനം ഇതോടൊപ്പമുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. പ്രവേശനം സൗജന്യം.