കണ്ണൂരിലേക്ക് മൂന്ന് വിമാനങ്ങൾ, ടെൽ-അവീവ് സർവീസ് സെപ്‌തംബറിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്‌ടോബർ 26വരെ നീളുന്ന വേനൽക്കാല സമയക്രമം നാളെ നിലവിൽ വരും. കണ്ണൂരിലേക്ക് ദിവസേന മൂന്ന് സർവീസുകളുണ്ട്. ഇൻഡോർ, മൈസൂർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകളുണ്ട്. ഇസ്രായേലിലെ ടെൽ-അവീവിലേക്ക് സെപ്‌തംബറിൽ കൊച്ചിയിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിക്കും.
വേനക്കാല പട്ടികയിൽ പ്രതിവാര സർവീസുകൾ ശീതകാലത്തിലെ 1,528ൽ നിന്ന് 1,672 ആയി ഉയരും. രണ്ടുവർഷം മുമ്പ് നിറുത്തിയ മലേഷ്യ എയർലൈൻസിന്റെ പ്രതിദിന സർവീസ് കോലാലംപൂരിലേക്ക് പുനരാരംഭിക്കും. കണ്ണൂരിലേക്ക്, ഇൻഡിഗോ വിമാനം രാവിലെ 11.35നും രാത്രി 9.05നും ഗോഎയർ വൈകിട്ട് 7.45നും കൊച്ചിയിൽ നിന്ന് പുറപ്പെടും. രാവിലെ 8.10ന് ഗോഎയർ വിമാനവും രാവിലെ 8.25നും വൈകിട്ട് 5.55നും ഇൻഡിഗോ വിമാനങ്ങളും കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്തും. 70 മിനുട്ടാണ് കണ്ണൂർ-കൊച്ചി യാത്രാസമയം. ഇൻഡിഗോ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.
അലയൻസ് എയർ ആഴ്‌ചയിൽ ആറുദിവസം കൊച്ചിയിൽ നിന്ന് മൈസൂരിലേക്ക് സർവീസ് നടത്തും. ഇതിന് ഡി.ജി.സി.എയുടെ അനുമതിക്കായി കാക്കുകയാണ്. ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബയ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽ നിന്ന് കൂടുതൽ സർവീസുകൾ. അഗത്തി, അഹമ്മദാബാദ്, ഭുവനേശ്വർ, കൊൽക്കത്ത, ഗുവഹാത്തി, ഗോവ, ഹൂബ്ലി, ഹൈദരാബാദ്, ജയ്‌പൂർ, ലക്‌നൗ, നാഗ്പൂർ, പുനെ, തിരുപ്പതി, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും നേരിട്ട് സർവീസുകളുണ്ട്.
രാജ്യാന്തര മേഖലയിൽ ദുബായിലേക്കാണ് ഏറ്റവുമധികം സർവീസുകൾ; ആഴ്‌ചയിൽ 45. അബുദാബിയിലേക്ക് 35, കോലാലംപൂരിലേക്ക് 32 സർവീസുകളുമുണ്ട്. ടെൽഅവീവ് സർവീസ് ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.50ന് കൊച്ചിയിലെത്തി, രാത്രി 11.45ന് മടങ്ങും. ഗൾഫിന് പുറമേ ബാങ്കോക്ക്, കൊളംബോ, സിംഗപ്പൂർ തുടങ്ങി 16 വിദേശ നഗരങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസുകളുണ്ട്.