കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ആക്രമണത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശിയായ ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. 48 മണിക്കൂറിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്ര് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മർദ്ദനം മൂലമോ ഉണ്ടായതാകാമെന്ന് ന്യൂറോ സർജറിവിഭാഗം തലവൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ടു നടത്തിയ സ്കാനിംഗിലും കാര്യമായ പുരോഗതി കാണാൻ കഴിഞ്ഞില്ല. കൈകാലുകൾ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിയുന്നില്ല.