thala
കുട്ടിയുടെ തളയോട്ടി പൊട്ടി തലച്ചോർ പുറത്തു വന്ന സ്കാനിങ്ങ് റിപ്പോർട്ട്

കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമായി തുടരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഇനി പ്രതീക്ഷയില്ലെന്നും കുട്ടിക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്നുമാണ് ഡോക്‌ടർമാർ പറയുന്നത്. എന്നാൽ വിദഗ്‌ദ്ധ സംഘമെത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.

പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയിൽ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികൾക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാൽ ശ്വാസ കോശത്തലും വയറിലും എയർ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മർദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി തലവൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് നടത്തിയ സ്കാനിംഗിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൈ കാലുകൾ അനക്കുന്നതിനോ സ്വന്തമായി ശ്വസിക്കുന്നതിനോ കഴിയുന്നില്ലെന്നും അടുത്ത 12 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അമ്മയും കാമുകനായ അരുൺ ആനന്ദും കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പി.ആർ.ഒ പുത്തൻകുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് പുത്തൻകുരിശ് പൊലീസ് അരുൺ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും.