നെടുമ്പാശേരി: 'ഗംഭീരമായിട്ടുണ്ട്. വെറും ഗംഭീരമല്ല. അതിഗംഭീരം. കൃത്രിമത്വം ലവലേശം തോന്നണില്ല. . ഭാവങ്ങളൊക്കെ അസ്സലായിട്ടുണ്ട്'കൊച്ചി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ഒരുക്കിയ കേരളത്തിന്റെ പാരമ്പര്യ കലകളുടെ മൂസിയമായ കലാങ്കണം സന്ദർശിച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിആശാൻ പറഞ്ഞു.
കേരളത്തിന്റെ തനത് വാസ്തുശിൽപ്പമാതൃകയിൽ പുനരുദ്ധരിച്ച ഒന്നാം ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്താണ് ശിൽപ്പങ്ങൾ ഒരുക്കിയിട്ടുള്ളത്. ദുര്യോധനവധം ആട്ടക്കഥയിലെ രണ്ട് രംഗങ്ങൾ ഇവിടെ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. 'ഗംഭീരമായിട്ടുണ്ട്. വെറും ഗംഭീരമല്ല. അതിഗംഭീരം. കൃത്രിമത്വം ലവലേശം തോന്നണില്ല. വേറെങ്ങും ഇതുപോലെ ഒന്നും കണ്ടിട്ടില്ല. ഭാവങ്ങളൊക്കെ അസ്സലായിട്ടുണ്ട്' -കലാമണ്ഡലം ഗോപി പറഞ്ഞു. കലാങ്കണം പ്രോജക്ട് കൺസൾട്ടന്റും ആട്ടക്കഥാകൃത്തുമായ വൈക്കം രാജശേഖർ, സിയാൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജെസി പോൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.