കോലഞ്ചേരി : തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴു വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. മരുന്നുകളോട് ഇതുവരെ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. ഇടുക്കി ജില്ലാ കളക്ടർ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും.
വെന്റിലേറ്റർ മാറ്റുന്നത് സംബന്ധിച്ച് നാളെ വീണ്ടും കുട്ടിയെ സന്ദർശിച്ച ശേഷം മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. ശരീരത്തിലെ മുറിവുകളുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഫോറൻസിക് വിദഗ്‌ദ്ധർ ഇന്ന് ആശുപത്രിയിലെത്തും.