കുമളി: മൃഗ പരിശോധനയ്ക്കായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഉദ്യോഗസ്ഥ‌‌ർ ജോലിചെയ്യുന്നത് ജീവൻ പണയം വച്ച്. കുമളി ചെളിമട കവലയിലുള്ള കെട്ടിടമാണ് കാലപഴക്കത്താൽ നിലംപൊത്താറായിരിക്കുന്നത്. ഏത് സമയവും അപകടം മുന്നിൽ കണ്ടാണ് നാല് ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന അറവുമാടുകളുടെ ഗുണനിലവാരം പരിശോധിക്കുന്നത് ഈ ഒാഫീസിലാണ്. ഇരുനിലയിലുള്ള കെട്ടിടം പലകവച്ച് മറിച്ചതാണ്. തറയും പലക കഷ്ണങ്ങൾ പാകിയതാണ്. കാലപഴക്കത്തിൽ പലകൾ ദ്രവിച്ച് അപകടാവസ്ഥയിലായി. മറ്റൊരു കെട്ടിടം ലഭിക്കുന്നതിന് കുമളി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. മൃഗസംരക്ഷണവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. ഭീതിയില്ലാതെ ജോലിചെയ്യുന്നതിന് മറ്റൊരു കെട്ടിടം അനുവദിച്ച് തരണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജി.എസ്.ടി സംവിധാനം നിലവിൽ വന്നതോടെ കുമളി ചെക് പോസ്റ്റിന് സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കെട്ടിടത്തിലെ മുറികൾ ഒഴിവുണ്ട്. ഇത് അനുവദിക്കുന്നതിനായി അപേക്ഷിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല.

തമിഴ്നാട്ടിൽ നിന്ന് ലോറിയിലെത്തുന്ന അറവുമാടുകളെ പരിശോധിക്കുന്നതിനും മറ്റ് നടപടികൾ സ്വീകരിക്കുന്നതിനും വാണിജ്യ വകുപ്പിന്റെ മുറി പ്രയോജനപ്പെടുമെന്നതിനാലാണ് ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിച്ചത്. നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഒാഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ കെട്ടിടം ഒഴിഞ്ഞ് നൽകണമെന്ന് കോടതിയിൽ നിന്ന് വിധിനേടിയിട്ടും മറ്റൊരിടം കണ്ടെത്താൻ കഴിയാതെ അനിശ്ചിതത്വത്തിലാണ് വകുപ്പ്.