അടിമാലി: ദക്ഷിണേന്ത്യയിലെ ആദ്യ ആർച്ച് പാലത്തിന് ഇന്ന് 83 വയസ്. പെരിയാറിന് കുറുകെ നേര്യമംഗലത്ത് പണികഴിപ്പിച്ച ഹൈറേഞ്ചുകാരുടെ നേര്യമംഗലം പാലമാണ് ഏട്ട് പതിറ്റാണ്ടായി ഇടുക്കിക്കാർക്ക് പുറത്തേക്കുള്ള വാതായനം തീർക്കുന്നത്. നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് 1935 മാർച്ച് രണ്ടിന് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി രാമവർമ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. സംസ്ഥാനം രണ്ടാമതൊരു പ്രളയത്തെ അഭിമുഖീകരിച്ച് പുനർസൃഷ്ടിക്കൊരുങ്ങുമ്പോൾ ആദ്യ പ്രളയത്തിന്റെ അതിജീവന ചിത്രം കൂടിയാണ് നേര്യമംഗലം പാലം പകർന്ന് നൽകുന്നത്. 1924ൽ ഉണ്ടായ പ്രളയത്തിൽ അന്ന് മാങ്കുളത്തു കൂടി ഉണ്ടായിരുന്ന ആലുവ മൂന്നാർ റോഡ് ഒലിച്ചു പോയി. ഇതോടെ കോതമംഗലത്തു നിന്ന് നേര്യമംഗലം- അടിമാലി വഴി മൂന്നാറിന് പുതിയ പാത തുറന്നു. ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വർഷം പിന്നിട്ടപ്പോൾ നിർമ്മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം പ്രളയത്തെയും അതീജീവിച്ച് ഹൈറേഞ്ചുകാർക്കിന്നും അഭിമാനമായി നിൽക്കുന്നു. 214 മീറ്റർ നീളവും 4.90 മീറ്റർ വീതിയുമാണ് ഈ ആർച്ച് പാലത്തിനുള്ളത്. പാലത്തിലെ ഗതാഗതകുരുക്കാണ് കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇന്നുയരുന്ന പ്രധാന പരാതി. പരിഹാരമായി സിഗ്‌നൽ സംവിധാനം സ്ഥാപിച്ചെങ്കിലും പൂർണ്ണ വിജയം കണ്ടിട്ടില്ല. കാലപ്പഴക്കത്താൽ പാലത്തിന് ബലക്ഷയം സംഭവിക്കുന്നുവെന്ന വാദവും സമീപകാലത്തുയർന്നു തുടങ്ങിയിട്ടുണ്ട്. ചരിത്രങ്ങൾക്കും പരാധീനതകൾക്കുമപ്പുറം മണ്ണിനോട് പടവെട്ടിയ ഒരു ജനതയുടെ കഥകൂടി ദക്ഷിണേന്ത്യയിലെ ഈ ആദ്യ ആർച്ച് പാലത്തിന് പറയാനുണ്ടാകും.