തൊടുപുഴ: കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കർഷകരുടെ വായ്പകൾ എഴുതി തള്ളാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ എട്ടു കർഷകരാണ് ജില്ലയിൽ ആത്മഹത്യ ചെയ്തത്. ഉത്പ്പന്നങ്ങളുടെ വിലയിടിവും പ്രളയക്കെടുതികളും കടബാധ്യതകളും മൂലം കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ജില്ലാ ബാങ്കും മറ്റു ബാങ്കുകളും ജപ്തി നോട്ടീസ് അയയ്ക്കുന്നത് അടിയന്തരമായി നിറുത്തി വയ്ക്കണം. മരിച്ച കർഷകരുടെ കടങ്ങൾ പൂർണമായും എഴുതി തള്ളണം. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ട സഹായം എത്തിക്കണം. നിരവധി കർഷകരാണ് കടബാദ്ധ്യതയുടെ കെണിയിൽ കുടുങ്ങിക്കിടക്കുന്നത്. വിളകൾക്ക് താങ്ങുവില നൽകുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ദുരിതമനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ഉടൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത വാത്തിക്കുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവൻ, പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയിൽ ശ്രീകുമാർ, വാഴത്തോപ്പ് നെല്ലിപ്പുഴ കവലയിൽ എൻ.എം. ജോണി, പാറത്തോട് ഇരുമലക്കപ്പ് വരിയ്ക്കാനിയ്ക്കൽ ജെയിംസ് ജോസഫ് എന്നിവരുടെ വീടുകളിൽ പി.ജെ.ജോസഫ് സന്ദർശനം നടത്തി.