രാജാക്കാട്: കുടിവെള്ളത്തിനും പശ്ചാത്തല മേഖലയ്ക്കും പ്രാധാന്യം നൽകുന്ന 36.55 കോടിയുടെ വാർഷിക ബഡ്ജറ്റ് രാജാക്കാട് പഞ്ചായത്ത് അവതരിപ്പിച്ചു. ഭവന നിർമ്മാണം, വിവിധ കുടിവെള്ള പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ, മണ്ണ് ജല സംരക്ഷണം, പ്രാദേശിക ടൂറിസം വികസനം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. 36,55,15,815 രൂപ വരവും 36,41,47,731 രൂപ ചെലവും 13,68,084 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അനിൽ അവതരിപ്പിച്ചത്. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്ക് 20,57,664, മൃഗ സംരക്ഷണത്തിനും ക്ഷീര കർഷക ഇൻസന്റീവിനുമായി 58,15,000, മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി 3,24,20,360 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വിവിധ കുടിവെള്ള പദ്ധതികൾക്കായി 10,15,00,000രൂപയും ലൈഫ് ഭവന നിർമ്മാണത്തിനും,വീടുകളുടെ പുനരുദ്ധാരണത്തിനുമായി 6,14,47,502 രൂപയും,പട്ടിക ജാതി വർഗ്ഗ വികസനത്തിന് 10ലക്ഷവും,വനിതാ ഘടക പദ്ധതിയ്ക്ക് 17.06 ലക്ഷവും,ശിശു ഭിശേഷി വികസനത്തിന് 6 ലക്ഷവും നീക്കിവച്ചിരിക്കുന്നു. റോഡ്,കലുങ്ക്,പാലങ്ങൾ എന്നിവ അടക്കമുള്ള പശ്ചാത്തല മേഖലയുടെ വികസനത്തിനായി 4,07,05,705രൂപയും, പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 6,50,00,000 നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സതി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റെജി പനച്ചിക്കൽ, പഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യു, കെ.കെ രാജൻ,എ.ഡി സന്തോഷ്, ബെന്നി പാലക്കാട്ട്, പ്രിൻസ് മാത്യു, ജോയി ആൻഡ്രൂസ്, ഡോ. എം.എസ് നൗഷാദ്, പി.കെ രാജേഷ്, ഉഷ സ്റ്റീഫൻ, ജോയി ആന്റണി,കെ.പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.