രാജാക്കാട്: ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് താത്കാലികമായി അടച്ചിരുന്ന പള്ളിവാസൽ പവ്വർ ഹൗസിന്റെ പെൻസ്റ്റോക് പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താതെ വീണ്ടും തുറന്നതായി ആരോപണം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ ഭീതിയിലായി. എന്നാൽ പൈപ്പുകൾ തുരുമ്പെടുത്ത് നശിക്കാതിരിക്കാനായി വെള്ളം നിറയ്ക്കുക മാത്രമാണ് ചെയ്തതെന്ന് അധികൃതർ പറയുന്നു. 1940ൽ കമ്മിഷൻ ചെയ്ത കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ പവ്വർ ഹൗസിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനായി 80 വർഷം മുമ്പ് സ്ഥാപിച്ചവയാണ് കൂറ്റൻ പെൻസ്റ്റോക് പൈപ്പുകൾ രണ്ടും. ഇവയിൽ ഏതാനും മാസം മുമ്പ് പലയിടത്തും ചോർച്ച കണ്ടെത്തിയിരുന്നു. അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ പൈപ്പുകളിലൂടെ വെള്ളമെത്തിയ്ക്കുന്നത് കഴിഞ്ഞ നവംബർ 17ന് താത്കാലികമായി നിറുത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പണികളും നടത്തിയില്ല. ഈ പൈപ്പുകളാണ് വെള്ളമെടുക്കുന്നതിനായി വീണ്ടും തുറന്നിരിക്കുന്നത്. ഇതോടെ പൈപ്പുകൾ കടന്നുപോകുന്ന മലഞ്ചെരിവിലും അടിവാരത്തുമുള്ള ജനങ്ങൾ കടുത്ത ഭീതിയിലായി.