ഇടുക്കി: സമ്മതിദായക പട്ടിക പരിശോധിക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും പുതുതായി പേര് ചേർക്കുന്നതിനുമായി ജില്ലയിലെ 995 പോളിംഗ് ബൂത്തുകളിലും ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രത്യേക ക്യാമ്പ് നടത്തും. സ്‌പെഷ്യൽ ക്യാമ്പ് ദിവസങ്ങളിൽ എല്ലാ പോളിംഗ് ബൂത്തുകളിലും ബി.എൽ.ഒമാർ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ അതത് പോളിംഗ് ബൂത്തിന്റെ വോട്ടർ പട്ടികയുമായി ഹാജരാകും. സ്‌പെഷ്യൽ ക്യാമ്പ് എല്ലാ സമ്മതിദായകരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് പാസ്‌പോർട്ട് സൈസ് കളർഫോട്ടോയ്ക്ക് പുറമെ ഹാജരാക്കേണ്ട രേഖകളുടെ പകർപ്പുകൾ: വയസ്സ് തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്, ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂൾ മാർക്ക് ഷീറ്റ്, ഇന്ത്യൻ പാസ്‌പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നും നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ഇന്ത്യൻ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക്/ കിസാൻ/ പോസ്റ്റ് ഓഫീസ് കറണ്ട് പാസ്ബുക്ക്, റേഷൻ കാർഡ്, ഇൻകം ടാക്‌സ് അസസ്‌മെന്റ് ഓർഡർ, റെന്റ് എഗ്രിമെന്റ്, വാട്ടർ ബിൽ, ടെലഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് കണക്ഷൻ ബിൽ, പോസ്റ്റ്/ ലെറ്റർ/മെയിൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഇന്ത്യൻ തപാൽ വകുപ്പ് വഴി ലഭിച്ചതിന്റെ രേഖ എന്നിവയിൽ ഏതെങ്കിലുമൊന്നും ഹാജരാക്കണം.