ചെറുതോണി: മണിയാറൻകുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ 2019 മികവുത്സവം വിവിധ പരിപാടികളോടെ നടന്നു. ആദിവാസി തനതു കലയായ കൂത്ത് കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. കോവിൽമല രാജാവ് ശ്രീരാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്ത മികവുത്സവത്തിലെ കൂത്ത് അവതരണത്തിന് രവി നേതൃത്വം നൽകി. കൂത്തിന്റെ ഡോക്യുമെന്ററി ഫിലിം സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടന്നു. സ്‌കൂളിലെ കുട്ടികൾ പാടി മണിയാറൻകുടി സ്‌കൂൾ പുറത്തിറക്കിയ സി.ഡി ബി.ആർ.സി. കോർഡിനേറ്റർ മുരുകൻ വി. അയത്തിൽ പ്രകാശനം ചെയ്തു. പഠനോത്സവത്തിന്റെ രണ്ടാംഘട്ടമായാണ് മികവുത്സവവും സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് റെജി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മൈക്കിൾ സെബാസ്റ്റ്യൻ, കൺവീനർ ശ്രീകല വി.ടി, മാതൃസംഗമം അംഗങ്ങളായ സുനിതാ രാജൻ, രാജി ബോബൻ, മുൻ പി.ടി.എ പ്രസിഡന്റ് ജോൺസൺ എന്നിവർ സംസാരിച്ചു. സ്‌കൂളിനായി ഗാനരചന നിർവഹിച്ചത് കെ.ആർ. ഹരിലാലും സംഗീതം ചെയ്തത് അജിമോൻ എം.ഒ.യുമാണ്.