തൊടുപുഴ: നഗരസഭാ ബഡ്ജറ്റ് കീറിയെറിഞ്ഞ് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ നിന്ന് ഇറങ്ങിപോയി. ഇന്നലെ നടന്ന ബഡ്ജറ്റ് ചർച്ചയ്ക്കിടെയായിരുന്നു എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. മുനിസിപ്പൽ ചട്ടങ്ങളും നിയമവും പാലിക്കാതെ തയ്യാറാക്കിയ ബഡ്ജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ലെന്നും വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാരോപിച്ചാണ് ആർ. ഹരി ബഡ്ജറ്റിനു കടലാസിന്റെ വില പോലുമില്ലെന്നു പറഞ്ഞ് കീറിയെറിഞ്ഞത്. പിന്നാലെ മറ്റ് എൽ.ഡി.എഫ് അംഗങ്ങളും ബഡ്ജറ്റ് കീറിയെറിഞ്ഞ് യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. യു.ഡി.എഫിന്റെ ബി.ജെ.പി ബന്ധത്തെച്ചൊല്ലി സി.പി.എം അംഗം കെ.കെ.ഷിംനാസ് നടത്തിയ പരമാർശവും ഒച്ചപ്പാടിനിടയാക്കി. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ബി.ജെ.പി അംഗം രേണുക രാജശേഖരൻ മറുപടി നൽകി. കൗൺസിൽ ഹാളിനു പുറത്തു പോയ ആർ. ഹരി പിന്നീട് തിരികെയെത്തിയാണ് കൗൺസിൽ ബഹിഷ്‌കരിക്കുകയാണെന്നു പറഞ്ഞ് ബഡ്ജറ്റ് കീറിയെറിഞ്ഞത്. പിന്നീട് ഭേദഗതികളില്ലാതെ തന്നെ ബഡ്ജറ്റ് പാസാക്കി.

മുനിസിപ്പൽ ആക്ട് ലംഘിച്ച ബഡ്ജറ്റെന്ന്

മുനിസിപ്പൽ ആക്ടിനെ അടിസ്ഥാനമാക്കി വേണം ബഡ്ജറ്റ് തയാറാക്കാനെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ച ആർ. ഹരി പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. നഗരസഭയുടെ റവന്യൂ വരുമാനത്തിന്റെ അഞ്ചു ശതമാനം ബഡ്ജറ്റിൽ നീക്കിയിരുപ്പ് വേണമെന്നിരിക്കെ അഞ്ചിലൊന്നു തുക പോലുമില്ലാത്തതും അദ്ദേഹം ചോദ്യം ചെയ്തു. രണ്ടു ശതമാനം തുക ദാരിദ്ര്യലഘൂകരണ ഫണ്ടിനായി വക കൊള്ളിക്കണമെന്നും വായ്പാ ഗഡുക്കളും പലിശയും തിരിച്ചടയ്ക്കാൻ ആവശ്യമായ തുക ഉൾക്കൊള്ളിക്കണമെന്നും ആക്ടിൽ വ്യവസ്ഥയുണ്ട്. നഗരസഭയുടെ ആറു കോടയോളം രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നിരിക്കെ നീക്കിയിരുപ്പിൽ അതുൾപ്പെടുത്തിയിട്ടില്ല. കമ്മിയായിരക്കേണ്ട ബഡ്ജറ്റ് മിച്ച ബഡ്ജറ്റായി അവതരിപ്പിച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പാലിച്ച് തന്നെ

എന്നാൽ സർക്കാർ നിർദ്ദേശമനുസരിച്ചുള്ള മാനദന്ധങ്ങൾ അനുസരിച്ചാണ് ബഡ്ജറ്റ് തയാറാക്കിയതെന്ന് ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണിയും വൈസ് ചെയർമാൻ സി.കെ. ജാഫറും പറഞ്ഞു. സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള ബഡ്ജറ്റ് പ്രിപ്പറേഷൻ ടൂൾ ഉപയോഗിച്ചാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് സെക്രട്ടറിയും ഉദ്യോഗസ്ഥരും മറുപടി നൽകി.

ആരോ പറഞ്ഞ് കൊടുത്തത്

ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ച യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.എം. ഹാരിദ് ചില ഉദ്യോഗസ്ഥർ തയാറാക്കിക്കൊടുത്ത കണക്കുമായാണ് ഹരി എത്തിയതെന്നും സ്വമനസാലെ ഇത്തരം വാദവുമായി എത്താനിടയില്ലെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തന്നെ വ്യക്തിപരമായി അവഹേളിക്കുകയാണ് ഹാരിദ് ചെയതതെന്നു ആർ. ഹരി പറഞ്ഞു. ഇതോടെ പരാമർശം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഹാരിദും വ്യക്തമാക്കി. ബഡ്ജറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ അതിനെതിരായ ഇത്തരം പരാമർശങ്ങൾ ശരിയല്ലെന്നും ചെയർപേഴ്‌സൺ നിയന്ത്രിക്കണമായിരുന്നെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ രാജീവ് പുഷ്പാംഗദൻ പറഞ്ഞു.