ഇടുക്കി: ജില്ലയിൽ ഗാർഹിക/ വാണിജ്യ ഉപയോഗങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിതരണക്കൂലി പുതുക്കി. എൽ.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച് ജില്ലാ കളക്ടറാണ് കൂലി കൂട്ടി ഉത്തരവിറക്കിയത്. 20 മുതൽ 45 രൂപവരെയായിരുന്ന വിതരണക്കൂലി 33 മുതൽ 52 രൂപവരെയായി വർദ്ധിപ്പിച്ചു. വിതരണ ഏജൻസിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മുൻകാലത്തേതുപ്പോലെ കൂലി ഈടാക്കില്ല. 5 മുതൽ 10 കിലോമീറ്റവർ പരിധിയിൽ 33 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 20 രൂപയായിരുന്നു. 10 മുതൽ 15 കിലോമീറ്റർ പരിധിയിൽ 30 രൂപയിൽ നിന്ന് 42 രൂപയായും 15 കിലോമീറ്ററിനുമുകളിൽ 45 രൂപയായിരുന്നത് 52 രൂപയായുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ധന വില, തൊഴിലാളികളുടെ കൂലി എന്നിവയിലുണ്ടായ വർദ്ധനവും ജില്ലയുടെ ഭൂപ്രകൃതിയും വീടുകൾ തമ്മിലുള്ള അകലവും പരിഗണിച്ച് നിലവിലുള്ള നിരക്ക് കൂട്ടണമെന്നായിരുന്നു പാചക വാതക വിതരണ ഏജൻസികളുടെ ആവശ്യം. കഴിഞ്ഞമാസം രണ്ടിന് എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി രണ്ട് മുതലാണ് പുതുക്കിയ നിരക്കിന് പ്രാബല്യത്തിലായിരിക്കുന്നത്.