king-cobra
പിണവൂർകുടി പടപ്പാനാട്ട് പ്രസാദിന്റെ വീട്ടിലെ ഉപയോഗശൂന്യമായ കുളിമുറിയിൽനിന്ന് വനംവകുപ്പിന്റെ പാമ്പുപിടുത്ത വിദഗ്ധൻ ഷൈൻ പിടികൂടിയ രാജവെമ്പാല

കുട്ടമ്പുഴ: കാട്ടിലെ ചൂട് സഹിക്കവയ്യാതെ നാട്ടിലിറങ്ങി കുളിമുറിയിൽ ഒളിച്ചിരുന്ന രാജവെമ്പാല വനപാലകരുടെ പിടിയിലായി. പിണവൂർകുടി വെളിയത്തുപറമ്പ് ഭാഗത്ത് പടപ്പാനാട്ട് പ്രസാദിന്റെ വീട്ടിലെ ഉപയോഗശൂന്യമായ കുളിമുറിയിലാണ് ഇന്നലെ രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉരുളൻതണ്ണി ക്യാമ്പിംഗ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ ഷൈൻ കോതമംഗലം പാമ്പിനെ പിടികൂടി ഉൾവനത്തിൽ കൊണ്ടുപോയിവിട്ടു. വനപാലകരായ ടി.കെ. മുഹമ്മദ് അഷ്‌റഫ്, വി.എസ്. സന്തോഷ്, അഷറഫ്, അലികുഞ്ഞ്, രതീഷ്, ശാക്കിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. 16 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയാണ് വീട്ടിൽ കയറിയത്. ഷൈൻ ഒരുമണിക്കൂർ പരിശ്രമിച്ചാണ് പാമ്പിനെ കീഴടക്കിയത്. ഈ വർഷം കോതമംഗലം റേഞ്ചിന്റെ പരിധിയിലെ ജനവാസമേഖലയിൽ നിന്ന് പിടയിലാകുന്ന നാലാമത്തെ രാജവെമ്പലയാണിത്. വനത്തിലെ കൊടുംചൂട് കാരണമാണ് പാമ്പുകൾ നാട്ടിലിറങ്ങുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.