ഇടുക്കി: ദേശീയ കന്നുകാലി സെൻസസിന്റെ ഭാഗമായി വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. 31ന് പൂർത്തിയാകും. രാജ്യത്ത് അഞ്ച് വർഷം കൂടുമ്പോൾ നടത്തുന്ന കണക്കെടുപ്പിന്റെ ഭാഗമായി ഇരുപതാമത് സെൻസസാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പാൽ, മുട്ട, മത്സ്യ, മാംസ ഉത്പാദനമേഖലയുടെ വിവരശേഖരണവും കുറ്രമറ്റ ആസൂത്രണവുമാണ് സർവേയുടെ ലക്ഷ്യം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെ വീടുകളിൽ നേരിട്ടെത്തി ജിയോ മാപ്പിംഗ് സഹിതം ഓൺലൈൻ സംവിധാനത്തിലൂടെയാണ് പക്ഷി- മൃഗങ്ങളുടെ കണക്ക് ശേഖരിക്കുന്നത്. മുമ്പ് പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് സെൻസസ് നടത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ മൃഗങ്ങളുടെ ഇനം പ്രായം തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ പുറത്തുനിന്നുള്ള എന്യുമറേറ്റർമാർക്ക് വേണ്ടത്ര അറിവ് ഇല്ലാത്തതുകൊണ്ട് ശേഖരിച്ച വിവരങ്ങളിലും നിരവധി പിഴവുകൾ സംഭവിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ഇത്തവണ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് ഭവനസന്ദർശനം നടത്തുന്നത്. കന്നുകാലികൾ ഉൾപ്പെടെ 15 ഇനം മൃഗങ്ങൾ, എട്ട് തരം കോഴിവർഗങ്ങൾ, തെരുവ് നായ്ക്കൾ, കശാപ്പുശാലകൾ, മത്സ്യകൃഷി/ മത്സ്യബന്ധനമേഖല എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. അതോടൊപ്പം കർഷകരെ സംബന്ധിച്ച സമഗ്രവിവരശേഖരണവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്ന മൃഗസംരക്ഷണ-ക്ഷീരവികസന പദ്ധതികളിൽ യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകളിൽ എത്തുന്ന എന്യൂമറേറ്റർമാർക്ക് കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മഞ്ജു സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വീണ മേരി എബ്രഹാം, ചീഫ് വെറ്റിനറി ഓഫീസർ ഡോ. ജിജിമോൻ ജോസഫ്,ടെക്നിക്കൽ അസി. ഡോ. സാനി തോമസ്, എന്യൂമറേറ്റർ സാബു കെ. തങ്കപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കണക്കിൽപ്പെടുന്ന മൃഗങ്ങൾ:-

പശു/കാള, എരുമ/പോത്ത്, മിഥുൻ, യാക്ക്, ചെമ്മരിയാട്, ആട്, പന്നി, കുതിര/ പോണി, കഴുത, കോവർ കഴുത, നായ, ഒട്ടകം, മുയൽ, ആന എന്നിവയും പക്ഷിവർഗത്തിൽ കോഴി, താറാവ്, ടർക്കി, എമു, കാട, ഗിനി, ഒട്ടകപക്ഷി, വാത്ത എന്നിവയും തെരുവുനായ്ക്കളും കണക്കെടുപ്പിൽ ഉൾപ്പെടും.

പൊതുജനങ്ങൾ നൽകേണ്ട വിവരങ്ങൾ:-

കന്നുകാലികൾ, മറ്റ് വളർത്തുമൃഗങ്ങൾ, കോഴിവർഗങ്ങൾ, മത്സ്യകൃഷി, അലഞ്ഞുതിരിയുന്ന കന്നുകാലികൾ, നായ്ക്കൾ, കശാപ്പുശാലകൾ എന്നിവയുടെ കൃത്യമായ വിവരങ്ങളും, കന്നുകാലി/ പൗൾട്രി കർഷകരുടെ ആധാർ, ബയോമെട്രിക് കാർഡ് നമ്പർ, ഗൃഹനാഥന്റെ മൊബൈൽ ഫോൺ നമ്പർ, കുടുംബാഗംഗങ്ങളുടെ തൊഴിൽ, കൈവശ കൃഷിഭൂമി, വിദ്യാഭ്യാസ യോഗ്യത, ജാതി, വാർഷിക വരുമാനം, സാമ്പത്തിക സഹായ ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് എന്യൂമറേറ്റർമാർ ആരായുന്നത്.