തൊടുപുഴ: ഇടതുപക്ഷ സർക്കാരിന്റെ നിയമപരിഷ്‌കരണ കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള ചർച്ച്ബിൽ ക്രൈസ്തവ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢഉദ്ദേശത്തോടെയാണെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ചർച്ച് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കരിദിനാചരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത ക്രൈസ്തവർക്കെതിരായി ഒരു നിയമം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. രണ്ടായിരം വർഷത്തെ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തെ നിരീശ്വര പ്രസ്ഥാനക്കാർക്ക് അടിയറവ് വയ്ക്കാൻ സമുദായം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ടൗൺ പള്ളി അങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി റവ. ഡോ. ജിയോ തടിക്കാട്ടു അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന പാസാക്കി. കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത ട്രഷറർ ജോൺ മുണ്ടൻകാവിൽ പ്രതിഷേധ സൂചകമായി ചർച്ച് ബില്ലിന്റെ പകർപ്പ് കത്തിച്ചു. ഫൊറോനാ പ്രസിഡന്റ് ജോർജ് അരയകുന്നേൽ, ഫാ. വർഗീസ് പാറമേൽ, സജി പോളക്കുഴി, ജോർജ് തയ്യിൽ, ജോൺ കോലത്തു, മേരി ആന്റണി, ജോസ് പാലയ്ക്കാമറ്റം, രാജു പാണാത്ത്, കുര്യാച്ചൻ വാളോത്തിൽ, മെജോ കുളപ്പുറം, തോമസ് പാനികുളം എന്നിവർ പ്രസംഗിച്ചു.