തൊടുപുഴ: തൊടുപുഴയുടെയും സമീപ പ്രദേശങ്ങളിലെയും പാതയോരങ്ങളിൽ വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ തള്ളുന്നു. ഓരോ ദിവസവും ലോറികളിലും മറ്റ് വാഹനങ്ങളിലുമായി നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് റോഡരികിൽ ഇറക്കുന്നത്. തൊടുപുഴയിൽ നിന്ന് മൂലമറ്റം, കരിങ്കുന്നം, ഈരാറ്റുപേട്ട, വണ്ണപ്പുറം, ഉടുമ്പന്നൂർ റൂട്ടിൽ റോഡ‌രികിൽ വ്യാപകമായി പോസ്റ്റുകൾ ഇറക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ പുതിയ പോസ്റ്റുകളും ഇറക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് തൊടുപുഴ- കരിമണ്ണൂർ റൂട്ടിൽ മുതലക്കോടത്തിന് സമീപം പത്തോളം ലോറികളിലായാണ് പോസ്റ്റുകൾ വഴിയോരത്തിറക്കിയത്. ഇവ വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണിയായി മാറുന്നു. കഴിഞ്ഞ ദിവസം പോസ്റ്റിൽ തട്ടി ഒരു ലോറിയുടെ ടയർ പൊട്ടി. ഇരുചക്ര വാഹനങ്ങൾ പോസ്റ്റിൽ ഇടിച്ചു കയറി അപകടമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. കാടു കയറി പോസ്റ്റുകൾ മണ്ണിനടിയിലാകുന്നതോടെ ഇവ ഉപേക്ഷിക്കപ്പെടും. കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. കാലപ്പഴക്കത്താൽ ജീർണിച്ചതും ഉപയോഗശൂന്യമായതുമായ വൈദ്യുതി പോസ്റ്റുകൾ കെ.എസ്.ഇ.ബിയുടെ ഡമ്പിംഗ് യാർഡുകളിൽ എത്തിച്ച് സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിക്കാതെ പോസ്റ്റുകൾ വ്യാപകമായി വഴിയരികിൽ തള്ളുന്നതിന് പിന്നിൽ വൻതട്ടിപ്പുണ്ടെന്നാണ് ആക്ഷേപം.