തൊടുപുഴ: പി.സി. ജോർജിന്റെ ജനപക്ഷത്ത് നിന്ന് ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക് പ്രവർത്തകരുടെ കൂടുമാറ്റം. നൂറുകണക്കിന് പ്രവർത്തകരുമായി ഇന്ന് ജനാധിപത്യ കേരള കോൺഗ്രസിൽ ചേരുമെന്ന് ജനപക്ഷം മുൻ ജില്ലാ പ്രസിഡന്റ് സാജു പട്ടരുമഠം, കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോസ് ചാണ്ടി (ദേവികുളം), ജോസുകുട്ടി വാണിയപ്പുര (ഉടുമ്പൻചോല), ജോണി തച്ചിലേടം (ഇടുക്കി), ജോസഫ് അലക്സാണ്ടർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായ ഫ്രാൻസിസ് ജോർജിനൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണയിൽ പ്രവർത്തിക്കാനുള്ള താൽപര്യം കൊണ്ടാണ് ജനാധിപത്യ കേരളകോൺഗ്രസിൽ ചേരുന്നത്. അതേസമയം ജനപക്ഷത്തുനിന്ന് പിന്മാറുകയാണെങ്കിലും പി.സി. ജോർജിനോടുള്ള എല്ലാ സ്നേഹബഹുമാനങ്ങളും നിലനിറുത്തുമെന്നും നേതാക്കൾ പറഞ്ഞു.