fest
ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ തിരുവുത്സവ ഘോഷയാത്രയിൽ നിന്ന്

അടിമാലി: അടിമാലിയെ വർണ്ണാഭമാക്കി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ തിരുവുത്സവ ഘോഷയാത്ര. ഇതിഹാസ രൂപങ്ങളും തെയ്യകോലങ്ങളും കാവടിയും മേളവുമെല്ലാം അടിമാലിയുടെ രാജവീഥിയെ വർണ്ണക്കൂട്ടണിയിച്ചു. ഭക്തിയും ഭംഗിയും താളവും മേളവുമെല്ലാം ലയിച്ചൊന്നായതോടെ അടിമാലിയുടെ കണ്ണും കാതും തിരുവുത്സവ ഘോഷയാത്ര കവർന്നു. താളത്തിനൊത്ത് ആടിയുലയുന്ന രൂപഭംഗിക്കൊപ്പം ഭക്തന്റെ മനസും പകൽപ്പൂരത്തിനൊപ്പം അലിഞ്ഞ് ചേർന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിൽ നടന്നു വരുന്ന തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു മഹാഘോഷയാത്ര നടത്തിയത്. വൈകിട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര മൂന്ന് മണിക്കൂർ പിന്നിട്ടാണ് മഹാദേവ സന്നിധിയിൽ സമാപിച്ചത്. കാവടി ഘോഷയാത്രയ്ക്കൊപ്പം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ വിശ്വാസികളും പങ്ക് ചേർന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി മഹോത്സവത്തിന് കഴിഞ്ഞ 24ന് പൂത്തോട്ട ലാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അജിത്ത് ശാന്തികളുടെയും കാർമ്മികത്വത്തിൽ തൃക്കൊടിയേറിയതോടെയാണ് തുടക്കമായത്. ഉത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് ക്ഷേത്രത്തിൽ ശിവരാത്രി ബലി നടക്കും. പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.