ചെറുതോണി: ഇടുക്കിയിലെ കാർഷിക പ്രതിസന്ധി ഒരു മഴക്കാലം കൊണ്ട് രൂപപ്പെട്ടതല്ലെന്നും യു.പി.എ- യു.ഡി.എഫ് സർക്കാരുകളുടെ ഭരണ നയ വൈകല്യങ്ങളുടെ ഉപഉത്പന്നമാണെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഇടുക്കിയ്ക്കുമേൽ ഇടിത്തീയായി കോൺഗ്രസ് സർക്കാർ അടിച്ചേൽപ്പിച്ച ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ കർഷകന്റെ മരണവാറണ്ടായി മാറിയ പശ്ചാത്തലം യു.ഡി.എഫ് വിസ്മരിക്കരുത്. നിരന്തരം അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും ഭൂമിയുടെ ക്രയവിക്രയം തന്നെ ഇല്ലാതായി. ഭൂമിയ്ക്ക് വിലയില്ലാതായതോടെ വിദ്യാഭ്യാസവും വിവാഹവും മുടങ്ങിയ ചെറുപ്പക്കാർ തന്നെ നാട്ടിലുണ്ട്. വന്യജീവി ആക്രമണവും കൃഷിമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിർമ്മാണ നിരോധനത്തിലൂടെ ഉണ്ടായ തൊഴിൽ നഷ്ടവും സാരമായി ബാധിച്ചു. മണൽവാരൽ ഇല്ലാതായതും നിർമ്മാണമേഖല നിശ്ചലമായതും കർഷകർക്ക്‌മേൽ ഇരട്ട ആഘാതമായി. ആസിയാൻ കരാർ ഉൾപ്പെടെ ഇന്ത്യ ഒപ്പു വച്ച സ്വതന്ത്ര വ്യാപാര കരാറുകൾ കാർഷികമേഖലയെ തകർച്ച പൂർണ്ണമാക്കുകയും ഉത്പ്പന്നങ്ങൾക്ക് വിലയില്ലാതാവുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമാണ്. നോട്ട് നിരോധനവും നൂറ്റാണ്ടിലെ മഹാപ്രളയവും പ്രതിസന്ധി സൃഷ്ടിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയ 16 ഉപാധികളുള്ള പട്ടയം ബാങ്കുകൾ സ്വീകരിക്കാതെ വന്നതോടെ ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കേണ്ടി വന്ന കർഷകർ കൂടുതൽ കടക്കെണിയിലകപ്പെട്ടു. മഹാപ്രളത്തോടെ പ്രതിസന്ധി വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വന്നത്. 5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ അവധി അനുവദിച്ചു. ഒരു വർഷത്തെ പലിശ സർക്കാർ അടച്ചുകൊണ്ട് പലിശ ഇളവ് അനുവദിച്ചു. ഉപാധികളില്ലാത്ത പട്ടയം നൽകി. രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി മരണ വീടുകൾ അന്വേഷിച്ചിറങ്ങുന്ന കാപട്യത്തിന്റെ ആൾരൂപങ്ങളായ അഭിനവ കർഷകരക്ഷകരുടെ കപടനാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.