ഇടുക്കി: കാർഷിക- വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളണമെന്ന് അഭ്യർത്ഥിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിക്കും ധന, റവന്യൂ, കൃഷി മന്ത്രിമാർക്കും നിവേദനം നൽകി. ഇടുക്കിക്ക് പുതിയതായി അനുവദിച്ചിട്ടുള്ള 5000 കോടി രൂപയുടെ പാക്കേജ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഈ പാക്കേജിൽ ഉൾപ്പെടുത്തി കാർഷികമേഖലയുടെ ഉണർവിനായി കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കണമെന്നും നിവേദനത്തിൽ പറയുന്നു.
മൂന്ന് ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകളും വിദ്യാഭ്യാസ വായ്പയും എഴുതിത്തള്ളുക, ഇതര വായ്പകൾക്ക് മോറട്ടോറിയ കാലയളവിലെ പലിശ ഒഴിവാക്കുക, മോറോട്ടോറിയ ആനുകൂല്യം എല്ലാ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തിട്ടുള്ള കർഷകർക്ക് ലഭ്യമാക്കുക, പലിശരഹിതമായി ഹൃസ്വകാല വായ്പകൾ ലഭ്യമാക്കുക, കർഷകന് വിത്തും വളവും കീടനാശിനികളും സൗജന്യമായി ലഭ്യമാക്കുക, കുറഞ്ഞ ചെലവിൽ കാർഷികോപകരണങ്ങൾ ലഭ്യമാക്കുക, ക്ഷീര കർഷകർക്ക് മികച്ചയിനം വളർത്തുമൃഗങ്ങളെ സൗജന്യമായി ലഭ്യമാക്കുക, കാർഷികോത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഓരോ പഞ്ചായത്തിലും മതിയായ വിപണി ഉറപ്പാക്കുക, പ്രളയക്കെടുതിയിൽ നാമാവശേഷമായ ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.