വണ്ടിപ്പെരിയാർ: മദ്യപിച്ച് ബഹളം വച്ച സംഘത്തെ ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം. തലയ്ക്ക് പരിക്കേറ്റ യുവാവ് പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറുപത്തിരണ്ടാം മൈൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന അയ്യപ്പദാസിനാണ് (32) ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെ അറുപത്തിരണ്ടാം മൈൽ സർക്കാർ പോളിടെക്‌നിക്ക് കോളേജിന് സമീപത്തായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി കോളേജിന് സമീപത്ത് ദേശീയപാതയോരത്ത് നിർമ്മിച്ച താത്കാലിക ഷെഡിൽ പണിപ്പുരയിലായിരുന്നു അയ്യപ്പദാസ്. ഇതിനിടെ ഒരു കൂട്ടമാളുകൾ മദ്യപിച്ച് ബഹളം വെച്ചത് ഇയാൾ ചോദ്യം ചെയ്തു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും മദ്യപിച്ചെത്തിയ സംഘത്തിൽപ്പെട്ടവർ കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായാണ് ഇയാൾ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് വാളാടി എസ്റ്റേറ്റ് രണ്ടാം ഡിവിഷനിൽ ലയത്തിൽ താമസക്കാരായ പ്രവീൺകുമാർ (21), കുമാർ (28) എന്നിവരെ അറസ്റ്റു ചെയ്തു. എസ്.ഐ രജേഷ് ആർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജാഫർ സാദിഖ്, ഷിജു, ഷിനാസ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.